ജിയോട്യൂബ് പദ്ധതി പ്രദേശം ഗതാഗത മന്ത്രി ആന്റണി രാജുവിനൊപ്പം സന്ദർശിച്ചു
തിരുവനന്തപുരം: പൂന്തുറ തീരത്തെ കടലേറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പൂന്തുറ മുതൽ വലിയ തുറ വരെയുള്ള തീരസംരക്ഷണത്തിനായി ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമിക്കുന്നതിന് 150 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയിട്ടുള്ളത്. പൂന്തുറ പ്രദേശത്തെ 700 മീറ്റർ തീരസംരക്ഷണത്തിനായി മാത്രം 19 കോടി വകയിരുത്തിയിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ പൂന്തുറ തീരത്ത് നിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്.
തീരത്തു നിന്ന് ഏകദേശം 80 മുതൽ 120 മീറ്റർ അകലത്തിൽ തീരത്തിനു സമാന്തരമായി ആറു മീറ്റർ ആഴമുള്ള, സമുദ്രത്തിന്റെ അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് മൂന്ന് അടുക്കുകളായി സ്ഥാപിക്കും. ഓരോ ബ്രേക്ക് വാട്ടർ യൂണിറ്റിന്റേയും നീളം 100 മീറ്ററും ഇവ തമ്മിലുള്ള അകലം 50 മീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ അഞ്ച് ട്യൂബുകളാണ് സ്ഥാപിക്കുന്നത്. നിലവിൽ മൂന്നു ട്യൂബുകൾ സ്ഥാപിച്ചു കഴിഞ്ഞു. പൂന്തുറയിൽ സ്ഥാപിക്കുന്ന ആദ്യ ഘട്ടം വിജയം കണ്ടാൽ ശംഖുമുഖം വരെയുള്ള തീരക്കടലിൽ ഇതേ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
1,000 ടൺ ശേഷിയുള്ള ബാർജുകൾ, ഉയർന്ന ശേഷിയുള്ള സാന്റ് പമ്പ് ഡ്രഡ്ജറുകൾ, സ്‌കൂബ ഡൈവിംഗ് സംവിധാനം, ഓക്സിജൻ ജനറേറ്റർ ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ബാർജുകൾ, റഗ്ഗുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ചൈനയിൽ നിന്ന് വൈദഗ്ധ്യമുള്ള ഏജൻസികൾ സൂക്ഷ്മ പരിശോധന നടത്തി ഇറക്കുമതി ചെയ്തിട്ടുള്ള ജിയോട്യൂബുകളാണ് ഉപയോഗിക്കുന്നത്.
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ ഐ ഒ റ്റി) യുടെ സാങ്കേതിക സഹായത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. കൗൺസിലർ മേരി ജിപ്സി, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് പരീത്, ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി.എം.എ, എൻ.ഐ.ഒ.ടി ഉദ്യോഗസ്ഥരായ കിരൺ എ.എസ്, നീരജ് പ്രകാശ് എന്നിവരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.