വ്യവസായങ്ങൾക്കെതിരേ നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകും : മുഖ്യമന്ത്രി

Spread the love

വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ സർക്കാർ പൂർത്തിയാക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തി. കേരളത്തിൽ വ്യവസായം തുടങ്ങുന്നതിനു യാതൊരു തടസവുമുണ്ടാകില്ലെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ അനുമതികളും ദിവസങ്ങൾക്കകം ലഭ്യമാകും. ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. മൂന്നു വർഷംകൊണ്ട് ആവശ്യമായ ലൈസൻസ് സമ്പാദിച്ചാൽ മതി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുണ്ടായിരിക്കുന്ന ഈ വേഗത ആർജിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയണം.
വ്യവസായികൾ നാടിനു വലിയ തോതിൽ സേവനം ചെയ്യുന്നവരാണ്. അവരെ സമീപിക്കേണ്ടതും ആ രീതിയിൽത്തന്നെയാകണം. അവരോട് ശത്രുതാഭാവം ഉണ്ടാകരുത്. അപൂർവം ചിലർക്കെങ്കിലും ഈ മനോഭാവമുണ്ടാകുന്നുവെന്നത് അതീവ നിർഭാഗ്യകരമാണ്. അതു പൂർണമായി ഉപേക്ഷിക്കണം. വല്ലാത്ത അതിമോഹത്തിന് ഇരയാകുന്ന ചില ഉദ്യോഗസ്ഥരുണ്ട്. വലിയ നിക്ഷേപം വരുമ്പോൾ അതിന്റെ തുക കണക്കുകൂട്ടി അതിന്റെ ഭാഗമായി ഒരു തുക നിശ്ചയിച്ച് അതു വേണമെന്നു പറയാൻ മടികാണിക്കാത്ത ചിലർ കേരളത്തിലുണ്ടെന്നാണു കേൾക്കുന്നത്. അത്തരം ആളുകൾ ജയിലിൽ പോകേണ്ടിവരും. ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങളാണ് ഏതു സർക്കാരിന്റേയും യജമാനൻമാരെന്നു കാണണം. ഈ മനോഭാവത്തോടെയാകണം കാര്യങ്ങൾ നടക്കേണ്ടത്. നേട്ടങ്ങൾക്കിടയിലും ഇത്തരം ചില പോരായ്മകൾ സംസ്ഥാനത്തു നിലനിൽക്കുന്നുണ്ട്. അതു തിരുത്താൻ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നതോടെ മുപ്പതിനായിരത്തോളം ഉദ്യോഗസ്ഥർ ഒറ്റ വകുപ്പിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏകീകൃത വകുപ്പിനായുള്ള സ്റ്റേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസും സബോർഡിനേറ്റ് സർവീസ് റൂൾസും രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണ്. വകുപ്പിന്റെ സംഘടനാ രൂപം തയാറായിക്കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥ വിന്യാസം കൃത്യ നിർവഹണ കാര്യക്ഷമമാക്കാനുതകുംവിധമായിരിക്കും. മൂന്നു തട്ടിൽത്തന്നെ തീരുമാനമെടുക്കാൻ കഴിയുന്ന സംവിധാനവും വകുപ്പിൽ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പിന്റെ ഫലപ്രദമായ പ്രവർത്തനത്തിനുവേണ്ട ഫണ്ട് സർക്കാർ ലഭ്യമാക്കും. ആറാം ധനകാര്യ കമ്മിഷൻ നിർദേശിക്കുംവിധം ഡെവലപ്‌മെന്റ് ഗ്രാന്റിലും മെയിന്റനൻസ് ഗ്രാന്റിലും ജനറൽ പർപ്പസ് ഗ്രാന്റിലുമുള്ള വർധന അംഗീകരിച്ചിട്ടുണ്ട്. ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കു വിനോദ നികുതി ഇനത്തിൽ വന്ന നഷ്ടം സർക്കാർ നികത്തും. എല്ലാ പഞ്ചായത്തുകളിലും എൻജിനിയർമാരെ വിന്യസിക്കുകയും ഓവർസിയർ തസ്തിക സൃഷ്ടിക്കുകയും ചെയ്തു. പുനർവിന്യാസത്തിലൂടെയോ പുതിയ തസ്തിക സൃഷ്ടിക്കുന്നതുവഴിയോ രണ്ടു തസ്തികൾ വീതം അധികമായി ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും നൽകും. ഗ്രാമ സഭയിലെ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അയൽക്കൂട്ടങ്ങളേയും റസിഡന്റ്‌സ് അസോസിയേഷനുകളേയും താഴേത്തട്ടിലുള്ള വിവിധ സാമൂഹിക കൂട്ടായ്മകളേയും ഗ്രാമസഭകളുമായി ബന്ധപ്പെടുത്താനുള്ള സംവിധാനമൊരുക്കും. വാർഡ് വികസന സമിതി കരുത്തുറ്റതാക്കും. ആസൂത്രണത്തിനും നിർവഹണത്തിനും സന്നദ്ധാടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കണം. ഓരോ പ്രദേശത്തും ഇത്തരം കാര്യങ്ങളിൽ ക്രിയാത്മക സംഭാവന നൽകാൻ ശേഷിയുള്ളവരുടെ സഹായം സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണെന്ന ബോധ്യം എല്ലാവരുടേയും മനസിലുണ്ടാകണം. പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണം. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭകളിൽ സമർപ്പിക്കണം.
വികസന പ്രശ്്‌നങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കണം. നഗരവത്കരണം, മാലിന്യ സംസ്‌കരണം, വയോജന സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങി കഴിയാവുന്നത്ര വിഷയങ്ങളിൽ പ്രാദേശിക തലത്തിൽ പരിഹാരം കണ്ടെത്തണം. സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന വാതിൽപ്പടി സേവനം എന്ന ആശയം പൂർണ തോതിൽ പ്രാവർത്തികമാക്കുന്നതിനു വൊളന്റിയർമാരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. പ്രാദേശിക സർക്കാരുകൾക്കു കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകി അവരുടെ ഇടപെടലുകൾ കൂടുതൽ വിപുലവും ഊർജസ്വലവുമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണം അധികാര വികേന്ദ്രീകരണത്തിലെ സുപ്രധാന മാറ്റമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏകീകൃത വകുപ്പിന്റെ രൂപീകരണം ദീർഘമായ പ്രവർത്തനത്തിന്റെ അന്ത്യമല്ല, വലിയ മാറ്റങ്ങളുടെ തുടക്കമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വരും വർഷങ്ങളിൽ ഇതുമൂലം വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ ചെയർപേഴ്‌സൺ കെ.ജി. രാജേശ്വരി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി. ബാലമുരളി തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *