വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Spread the love

വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.

തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം.

ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകൽ സമയങ്ങളിൽ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കുകയും തുടർന്ന് ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിലേക്കായി കുറച്ചു സമയത്തിന് ശേഷം ശരീരോഷ്മാവ് സ്വയം വർദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകൾക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കണം.

കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയുള്ള സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

 

Author

Leave a Reply

Your email address will not be published. Required fields are marked *