സഹകരണ അംഗ സമാശ്വാസ നിധി: രണ്ടാം ഘട്ടത്തിൽ 22,93,50,000 രൂപ വിതരണം ചെയ്യും

Spread the love

സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്ന് രണ്ടാം ഘട്ടത്തിൽ 22,93,50,000 രൂപ വിതരണം ചെയ്യുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 11,060 അപേക്ഷകളിലായാണ് ഈ തുക വിതരണം ചെയ്യുന്നത്. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്കുള്ള ചികിത്സാ സഹായ പദ്ധതിയിൽ നിന്നാണ് സഹായം നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവശരായ മുൻകാല സഹകാരികൾക്ക് വേണ്ടിയാണ് സമാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായം അനുവദിക്കുന്നത്. സഹകരണ വകുപ്പ് മന്ത്രിയും സഹകരണ സെക്രട്ടറിയും രജിസ്ട്രാറും അംഗങ്ങളായ കമ്മിറ്റിയാണ് അർഹരായ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ക്യാൻസർ, വൃക്കരോഗം, ഗുരുതര കരൾ രോഗം, വൃക്ക മാറ്റി വയ്ക്കൽ, കരൾ മാറ്റി വയ്ക്കൽ, ഹൃദയ ശസ്ത്രക്രിയ, എച്ച്ഐവി, അപകടത്തിൽപ്പെട്ട് കിടപ്പിലായവർ, മാതാപിതാക്കൾ മരിച്ചു പോകുകയും അവർ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർക്കാണ് സമാശ്വാസ പദ്ധതിയിൽ നിന്ന് സഹായം അനുവദിക്കുന്നത്.
ക്യാൻസറിനും വൃക്ക, കരൾ രോഗങ്ങൾക്കും 25,000 രൂപയാണ് അനുവദിച്ചത്. പരാലിസിസ് വന്ന് ശയ്യാവലംബരായവർക്കും എച്ച്ഐവി ബാധിതർക്കും 15,000 രൂപ വീതവും ശസ്ത്രക്രിയകൾക്ക് വിധേയരായവർക്ക് 10,000 രൂപയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വായ്പാ ബാദ്ധ്യത തീർക്കാൻ 25,000 രൂപയുമാണ് അനുവദിച്ചത്. ഇത്തവണ ക്യാൻസർ രോഗ ബാധിതരായ 5694 അപേക്ഷകരുണ്ടായിരുന്നു. ആകെ 14,23,50,000 രൂപ അനുവദിച്ചു. വൃക്കരോഗം ബാധിച്ചവരുടെ 1552 അപേക്ഷകളിൽ 3,88,0000 രൂപ അനുവദിച്ചു. കരൾ രോഗം ബാധിച്ചവരുടെ 347 അപേക്ഷകളിൽ 86,75,000 രൂപ അനുവദിച്ചു. പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവരുടെ 941 അപേക്ഷകളിൽ 1,41,,15,000 രൂപയും എച്ച്ഐവി ബാധിതരായ 30 അപേക്ഷകർക്ക് 4,50,000 രൂപയും, ഗുരുതരമായ ശസ്ത്രക്രിയകൾക്ക് വിധേയരായ 2496 പേരുടെ അപേക്ഷകളിൽ 2,49,60,000 രൂപയും അനുവദിച്ചു. സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടന വേദിയിൽ സമാശ്വാസ നിധിയുടെ വിതരണവും നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *