യുദ്ധ ഭീകരത ഹൃദയത്തെ മരവിപ്പിക്കുന്നതാണെന്നു മാര്‍പാപ്പ

Spread the love

വത്തിക്കാന്‍: യുക്രെയ്‌നില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ. യുക്രെയ്‌നിലെ സംഭവവികാസങ്ങള്‍ അതിദാരുണമാണെന്ന് പറഞ്ഞ മാര്‍പാപ്പ മനുഷ്യരാശിയുടെ യുദ്ധത്തോടുള്ള ആസക്തിയെ ശക്തമായി അപലപിച്ചു.

‘ശാസ്ത്രത്തിലും ചിന്തയിലും മനോഹരമായ പല കാര്യങ്ങളിലും മുന്നിലാണെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ സമാധാനം നെയ്‌തെടുക്കുന്നതില്‍ പിന്നിലാണ്. യുദ്ധം ചെയ്യുന്നതിലാകട്ടെ അവര്‍ മുന്‍പന്തിയിലുമാണ്’ -മാര്‍പാപ്പ പറഞ്ഞു. യുദ്ധത്തിന്റെ ഭീകരത പാവപ്പെട്ടവരുടെയും നിരപരാധികളുടെയും ഹൃദയത്തെ മരവിപ്പിക്കുന്നതാണെന്നും മനുഷ്യരാശി ഇപ്പോഴും ഇരുട്ടില്‍ തപ്പിത്തടയുകയാണെന്നും മാര്‍പാപ കൂട്ടിച്ചേര്‍ത്തു.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ യുക്രെയ്ന്‍ ആക്രമിക്കാന്‍ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ആക്രമണം അടുത്ത ആഴ്ചയോ അല്ലെങ്കില്‍ വരും ദിവസങ്ങളിലോ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിച്ചെന്ന റഷ്യയുടെ വാദത്തെ നാറ്റോ സഖ്യവും അമേരിക്കയും നേരത്തെ തള്ളിയിരുന്നു.

യുക്രെയ്ന്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചു നില്‍ക്കെ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. റഷ്യ യുക്രെയ്‌നെ ആക്രമിക്കുകയാണെങ്കില്‍ ഇന്ത്യ തങ്ങള്‍ക്കൊപ്പം അണിനിരക്കണമെന്ന് യു.എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പിന്തുണച്ച് റഷ്യ രംഗത്തെത്തിയത്.

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ ബ്രീഫിംഗില്‍, ഇന്ത്യയിലെ റഷ്യന്‍ എംബസി ഇന്ത്യയുടെ സന്തുലിതമായ, തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ സമീപനത്തെ സ്വാഗതം ചെയ്തു. നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സുരക്ഷിതമാക്കുന്നതിനുള്ള വലിയ താല്‍പ്പര്യത്തില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന ഏത് നടപടികളും എല്ലാ പക്ഷവും ഒഴിവാക്കുന്നതാണ് നല്ലത് എന്നും ഇന്ത്യ പറഞ്ഞു. നയതന്ത്ര ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ എന്നും യു.എന്നില്‍ ഇന്ത്യ പറഞ്ഞു.

‘ഇന്ത്യയുടെ സന്തുലിതവും തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ സമീപനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’ -ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം ദൗത്യത്തില്‍ നിന്നുള്ള വീഡിയോ ക്ലിപ്പ് വീണ്ടും പങ്കിട്ടുകൊണ്ട് റഷ്യന്‍ എംബസി ട്വീറ്റ് ചെയ്തു. കിഴക്കന്‍ യുക്രെയ്നിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിന് കരാറുകള്‍ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.

സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഇടപഴകുന്നത് തുടരാനും കരാറുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് തുടരാനും ഇന്ത്യ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു. എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷാ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പിരിമുറുക്കങ്ങള്‍ ഉടനടി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു പരിഹാരം കണ്ടെത്തുന്നതിലാണ് ഇന്ത്യയുടെ താല്‍പ്പര്യമെന്ന് അംബാസഡര്‍ തിരുമൂര്‍ത്തി പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *