മ്യൂണിക് : റഷ്യ യുക്രെയ്നെ ആക്രമിച്ചതിനു ശേഷമല്ല, അതിനു മുന്‍പ് ഉപരോധനം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിയര്‍ സെലിന്‍സ്കി ആവശ്യപ്പെട്ടു. മ്യൂണിക്കില്‍ സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രസിഡന്റ്, നാറ്റോയിലെ മുപ്പത് രാജ്യങ്ങളോട് ഈ അഭ്യര്‍ഥന നടത്തിയത്.
യുക്രെയ്നെ ആക്രമിക്കുകയാണെങ്കില്‍മാത്രം റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന അഭിപ്രായത്തോട് സെലിന്‍സ്കി വിയോജിപ്പ് രേഖപ്പെടുത്തി. ഏതെല്ലാം രാഷ്ട്രങ്ങള്‍ എന്തെല്ലാം ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തുകയെന്ന് ഉടനെ വെളിപ്പെടുത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
റഷ്യ യുക്രെയ്നെ ആക്രമിച്ചാല്‍ പിന്നെ ഞങ്ങളുടെ അതിര്‍ത്തികള്‍ നഷ്ടപ്പെടും, സാമ്പത്തിക രംഗം പൂര്‍ണമായും തകരും അതിനുശേഷം എന്തിനാണ് റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത്? യുദ്ധം ആരംഭിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുക്രെയ്നിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യുകയാണ്.
അതിനിടെ, യുക്രെയ്നെ ആക്രമിച്ചാല്‍ റഷ്യക്കെതിരെ യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മ്യൂണിക്കില്‍ സുരക്ഷാ സമ്മേളനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്നറിയിപ്പ് നല്കി. യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിയര്‍ സെലിന്‍സ്കിയുമായി അവര്‍ കൂടിക്കാഴ്ച നടത്തി. റഷ്യയ്ക്ക് പിന്മാറാന് ഇനിയും അവസരമുണ്ടെന്നു നാറ്റോ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പു നല്കി. ഏതു സാഹചര്യവും നേരിടാന്‍ യുക്രെയ്ന് തയാറാണെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും അറിയിച്ചു.