തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, തരംതിരിക്കൽ, കയ്യൊഴിയൽ പ്രവർത്തനങ്ങൾ തുടങ്ങിയവ ശക്തിപ്പെടുത്താൻ ഒരുങ്ങുന്നു. ക്ലീൻ കേരള കമ്പനിയുടെ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പുനരുപയോഗ യോഗ്യമായ പാഴ്വസ്തുക്കളും നിഷ്ക്രിയ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് 49 നഗരസഭകൾ ഉൾപ്പെടെ 813 തദ്ദേശസ്ഥാപനങ്ങളുമായി കരാറിലെത്തിയെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശേഖരിച്ച പാഴ്വസ്തുക്കളുടെ മൂല്യം കണക്കാക്കി തരം തിരിക്കുന്നതിന് ഹരിത കർമ്മ സേനയ്ക്ക് പരിശീലനം നൽകി കഴിഞ്ഞു. ഇതുവഴി 3502 പാഴ്വസ്തുക്കൾ ശേഖരിക്കുകയും 1.99 കോടി രൂപ പ്രതിഫലമായി നൽകുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ വഴി ശേഖരിക്കുന്ന നിഷ്ക്രിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ജിപിഎസ് ഘടിപ്പിച്ച വാഹനം വഴി മാത്രമായിരിക്കും. കഴിഞ്ഞ രണ്ടു മാസങ്ങളിലായി 1627 നിഷ്ക്രിയ മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തിട്ടുണ്ട്.റോഡ് നിർമ്മാണത്തിനായി പൊടിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്ന രീതി വർദ്ധിച്ചിട്ടുണ്ട്. അത് ഇനിയും പ്രോത്സാഹിപ്പിക്കും. 2783 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് തയ്യാറാക്കിയതിൽ, 2508 ടണ്ണും 4567 കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി വിനിയോഗിക്കാൻ സാധിച്ചു. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം വെള്ളായണി, തൃശൂർ വെള്ളാനിക്കര, കാസർഗോഡ് പടന്ന ക്യാമ്പസിലെ അജൈവ മാലിന്യം ശേഖരിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പ്രതിമാസ പാഴ്വസ്തു ശേഖരണ കലണ്ടർ പ്രകാരം നിഷ്ക്രിയ മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചിട്ടുണ്ട്. ക്ലീൻ കേരള കമ്പനിയാണ് അത് ശേഖരിക്കുന്നത്. 423 ടൺ ചില്ല്, ചെരിപ്പ്, തുണി തുടങ്ങിയവ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു.