കടലിന്റെ മക്കൾക്ക് കൈത്താങ്ങായി പുനർഗേഹം

Spread the love

മികവോടെ മുന്നോട്ട്- 16അന്നദാതാവായ കടലും കടലോരവും മത്സ്യത്തൊഴിലാളികളുടെ ഭൂമിക്കും സ്വത്തിനും വെല്ലുവിളി ഉയർത്തുന്ന കാഴ്ച എല്ലാവർഷവും നമ്മൾ കാണുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും തുടർന്നുണ്ടാകുന്ന രൂക്ഷമായ കടലാക്രമണവും മത്സ്യത്തൊഴിലാളികളുടെ വീടും ഭൂമിയും കടലെടുക്കുന്നതിനും അവരെ ബന്ധുവീടുകളിലോ സർക്കാർ ക്യാമ്പുകളിലോ അഭയം പ്രാപിക്കുന്നതിനും ഇടയാക്കുന്നു. ഈ സാഹചര്യത്തിലാണ് 2016ൽ രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് കേരള സർക്കാർ പദ്ധതി ആവിഷ്‌ക്കരിച്ചത്. 2019ൽ തിരുവനന്തപുരം മുട്ടത്തറയിൽ ഫ്ളാറ്റ് നിർമ്മിച്ച് 192 കുടുംബങ്ങളെ പുനരധിവസിപ്പിച്ചുകൊണ്ടാണ് പുനർഗേഹം പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂടാതെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയും നടപ്പാക്കി.
മത്സ്യത്തൊഴിലാളികൾ ഈ പദ്ധതികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനെ തുടർന്നാണ് തീരദേശത്ത് വേലിയേറ്റ മേഖലയിൽ നിന്നും 50 മീറ്റർ ദൂരപരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ പേരെയും പുനരധിവസിപ്പിക്കുന്നതിന് കേരള സർക്കാർ 2450 കോടി രൂപയുടെ പുനർഗേഹം എന്ന ബൃഹത്പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് സ്വന്തമായി ഭൂമിവാങ്ങി ഭവനം നിർമ്മിക്കുന്നതിനും ഭൂമിയും വീടും ഒരുമിച്ച് വാങ്ങുന്നതിനും റസിഡന്റുകളായി ഒരുമിച്ച് ഭൂമി കണ്ടെത്തി അപ്പാർട്ടുമെന്റുകൾ നിർമ്മിക്കുന്നതിനും കഴിയും.
2020ൽ പുനർഗേഹം പദ്ധതി പ്രകാരം 1108 ഗുണഭോക്താക്കൾ സ്വന്തമായി ഭൂമി കണ്ടെത്തി ഭവനനിർമാണം പൂർത്തിയാക്കി താമസം ആരംഭിച്ചു. 2216 പേർ ഭൂമി കണ്ടെത്തി രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്ത് കാരോട് 128ഉം ബീമാപള്ളിയിൽ 20ഉം മലപ്പുറത്ത് പൊന്നാനിയിൽ 128ഉം ഫ്ളാറ്റുകളുടെ നിർമാണവും പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി.
കൊല്ലം ജില്ലയിൽ ക്യൂ.എസ്.എസ് കോളനിയിലെ ഫ്‌ളാറ്റ് സമുച്ചയ നിർമാണം അന്തിമഘട്ടത്തിലാണ്. 250 വ്യക്തിഗത വീടുകളുടെ താക്കോൽ 2022 മാർച്ച് എട്ടിന് കൈമാറും. ഇതിനു പുറമേ ആലപ്പുഴ മണ്ണുംപുറം, കോഴിക്കോട് വെസ്റ്റ് ഹിൽ, കാസർകോട് കോയിപ്പാടി, മലപ്പുറം നിറമരുതൂർ, പൊന്നാനി, തിരുവനന്തപുരം കാരോട്, വലിയതുറ എന്നിവിടങ്ങളിൽ 784 ഫ്‌ളാറ്റുകൾക്ക് ഭരണാനുമതി നൽകി പ്രവർത്തനം ആരംഭിച്ചു.
തീരത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് സുരക്ഷിത മേഖലയിലെ ഭവനം എന്ന സ്വപ്‌നം യാഥാർഥ്യമാക്കി തീരദേശവാസികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി ആത്മവിശ്വാസം വർദ്ധിപ്പിച്ച് സന്തുഷ്ടമായ ഒരു തീരദേശം സൃഷ്ടിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ് പുനർഗേഹം പദ്ധതി.

Author

Leave a Reply

Your email address will not be published. Required fields are marked *