ദേശീയ – അന്തർദേശീയ വിദ്യാഭ്യാസ നയങ്ങൾ ചർച്ച ചെയ്യാൻ കേരള എഡ്യൂക്കേഷൻ കോൺഗ്രസ്സ്

Spread the love

കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ അന്തർദേശീയ തലങ്ങളിലെ വിവിധ വിദ്യാഭ്യാസ നയങ്ങളും, സമീപനങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിൽ കേരള എഡ്യൂക്കേഷൻ കോൺഗ്രസ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. എസ്.സി.ഇ.ആർ.ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുക. എസ്.സി.ഇ.ആർ.ടി. ഗവേർണിങ്ങ് ബോഡി യോഗത്തിലാണ് തീരുമാനം.

നൂതനമായ ആശയങ്ങൾ കേരള വിദ്യാഭ്യാസത്തിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളുടെ സ്മരണാർത്ഥം പ്രഭാഷണ പരമ്പര ആരംഭിക്കും. വിദ്യാഭ്യാസ മേഖലയിലെ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും പ്രഭാഷണം.

കേരളത്തിലെ അധ്യാപകരെ അന്താരാഷ്ട്ര തലത്തിൽ പരിശീലിപ്പിക്കുന്നതിനായി ഒരു പുതിയ അധ്യാപക പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായാനും ഗവേർണിങ്ങ് ബോഡി യോഗം തീരുമാനിച്ചു. യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. കെ.വി. സുമേഷ് എം.എൽ.എ, അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ., വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *