ഫിലഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സില്‍വര്‍ ജൂബിലി ജൂണ്‍ 11-ന് : സുരേഷ് നായര്‍

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം (സില്‍വര്‍ ജൂബിലി) 2022 ജൂണ്‍ 11 ന് ക്രിസ്‌തോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ കമനീയമായ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു.

ജൂണ്‍ 11-ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ക്ക് തിരിതെളിയും. വൈകിട്ട് നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ അമേരിക്കയിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകരും ഫിലഡല്‍ഫിയയിലെ മറ്റു സംഘടനാ നേതാക്കളും അണിചേരുമെന്ന് പ്രസിഡന്റ് റെജി ചെറുകത്തറയും, ജനറല്‍ സെക്രട്ടറി സുരേഷ് നായരും, ട്രഷറര്‍ സുനില്‍ ലാമണ്ണിലും സംയുക്തമായി അറിയിച്ചു.

സാംസ്‌കാരിക സമ്മേളനത്തോടൊപ്പം ഡാന്‍സ്, മിമിക്രി, സംഗീതമഴ ‘സംഗീതത്തിലൂടെ…’ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നു. അതിനായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ഗായികാ-ഗായകന്മാര്‍ അണിനിരക്കുന്നു. പ്രസ്തുത പരിപാടിയില്‍ സംഘടനയിലെ മുതിര്‍ന്ന ആളുകളെ ആദരിക്കുകയും, നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന പത്ത് കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും നല്‍കുന്നു.

ജൂബിലി ആഘോഷങ്ങള്‍ക്ക് പകിട്ടേകുവാന്‍ ജോര്‍ജ് മാത്യു, മനു ചെറുകത്തറ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന അത്താഴ വിരുന്നിന്റെ ചുമതല മാത്യു ജോര്‍ജ്, ബിബിന്‍ എന്നിവരും, സ്റ്റേജ് ക്രമീകരണങ്ങള്‍ക്ക് രക്ഷാധികാരി ജോണ്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് തോമസ് ചാക്കോ, ഡെന്നീസ് ജേക്കബ് എന്നിവരും പ്രവര്‍ത്തിക്കുന്നു. ആഘോഷങ്ങളുടെ മറ്റു ക്രമീകരണങ്ങള്‍ക്ക് വനിതാ പ്രതിനിധികളായ സാലി റെജി, ദീപാ ജയിംസ്, ജയശ്രീ നായര്‍, സുനി സുനില്‍, എലിസബത്ത് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഫിലഡല്‍ഫിയയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും പ്രസ്തുത ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Leave Comment