സഫിയ ബീവിയുടെ മകന് ഇനി സൗജന്യ ഭക്ഷണവും മരുന്നും ലഭിക്കും: മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു

നിലത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്വാസമായി കസേരകള്‍ ലഭിക്കും.

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ മുടങ്ങില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടിടപെട്ടു. സ്‌ട്രോക്ക് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എസ്.ബി. ഐ.സി.യുവില്‍ ചികിത്സയിലുള്ള മകന്‍ നവാസിന് (47) സൗജന്യ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ അഭിസംബോധന ചെയ്യാനാണ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിയത്. പരിപാടി കഴിഞ്ഞ് പോകാനായി വന്നപ്പോഴാണ് ഒന്നാം നിലയിലെ എംഐസിയുവിന്റെ മുമ്പില്‍ രോഗികളെ കണ്ടത്. അവരുമായി സംസാരിക്കുമ്പോള്‍ മറ്റ് കൂട്ടിരിപ്പുകാരാണ് സഫിയ ബീവിയ്ക്ക് റേഷന്‍കാര്‍ഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനുമായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. ഉടന്‍ തന്നെ മന്ത്രി അവരുമായും കൂടെയുള്ള കൊച്ചുമകനുമായും സംസാരിച്ച് ആശ്വസിപ്പിച്ചു. ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും മരുന്നും നല്‍കാന്‍ തീരുമാനിച്ചു.

ഇതേ സ്ഥലത്ത് തന്നെ കുറച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലത്തിരിക്കുന്നതായി മന്ത്രി കണ്ടു. മതിയായ കസേരകളൊരുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. നിലവില്‍ നാല് സീറ്റുകള്‍ വീതമുള്ള 4 എയര്‍പോര്‍ട്ട് ചെയറുകളാണ് ഉള്ളത്. അതുപോലെ നാലെണ്ണം കൂടി ഉടന്‍ അവിടെയിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

Leave Comment