തദ്ദേശ തിരഞ്ഞെടുപ്പ്: അർഹതപ്പെട്ടവർക്ക് നിക്ഷേപം തിരികെ നൽകാൻ നിർദ്ദേശം

Spread the love

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അർഹതപ്പെട്ടവർക്ക് യഥാസമയം തിരികെ നൽകുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വരണാധികാരികളോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കും മൽസരിച്ചവരിൽ ആകെ സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ നേടിയവർക്കുമാണ് നിക്ഷേപം തിരികെ ലഭിക്കുക. പത്രിക പിൻവലിക്കുകയോ തള്ളുകയോ ചെയ്താലും നിക്ഷേപം തിരികെ ലഭിക്കും. മറ്റ് സ്ഥാനാർത്ഥികളുടെ നിക്ഷേപം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് കണ്ടുകെട്ടുന്നതിന് വരണാധികാരി നടപടി സ്വീകരിക്കും.മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പത്രിക തള്ളുകയോ പിൻവലിക്കുകയോ ചെയ്യുന്നവർക്ക് നിക്ഷേപം തിരികെ നൽകും. തിരഞ്ഞെടുപ്പിനു മുൻപ് ഒരു സ്ഥാനാർത്ഥി മരണപ്പെട്ടാൽ നിയമപരമായ അവകാശിക്കാണ് നിക്ഷേപം കൈമാറുക. മൽസരിച്ചവരിൽ അർഹതപ്പെട്ടവർക്ക് ഫലപ്രഖ്യാപനത്തിനു ശേഷം മൂന്നു മാസത്തിനുള്ളിലാണ് വരണാധികാരികൾ തുക തിരികെ നൽകേണ്ടത്.
നിക്ഷേപം സ്ഥാനാർത്ഥിയുടേയോ അവകാശിയുടേയോ ബാങ്ക് അക്കൗണ്ട് മുഖേനയാണ് കൈമാറുന്നത്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നിശ്ചിത ഫോമിൽ വരണാധികാരിയ്ക്ക് നൽകണം.

Author

Leave a Reply

Your email address will not be published. Required fields are marked *