കാസർഗോഡ്: തേങ്ങയും തേങ്ങകൊണ്ടുള്ള ഉത്പ്പന്നങ്ങളും ലോകവിപണി കീഴടക്കാന്‍ പോകുന്നു. കോവിഡ് പ്രതിരോധത്തിനും ക്യാന്‍സര്‍ പ്രതിരോധത്തിനുമൊപ്പം ഡയബറ്റിക്ക് പോലുള്ള മറ്റ് അസുഖങ്ങള്‍ക്കും ആശ്വാസമാവുകയാണ് തേങ്ങ ഉത്പ്പന്നങ്ങള്‍. ഏറെ നാരുകളടങ്ങിയ തേങ്ങ ദഹന പ്രവര്‍ത്തനത്തിന് വേഗം കൂട്ടുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. പശുവിന്‍ പാല്‍ കൂടുതല്‍ ആളുകള്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നുവെന്ന പഠനത്തെ തുടര്‍ന്ന് ലോകത്ത് തേങ്ങാപ്പാലിന്റെ മൂല്യം വര്‍ധിക്കാന്‍ പോവുകയാണ്.
തേങ്ങയില്‍ നിന്നുണ്ടാക്കാവുന്ന ഡയബറ്റിക്ക് രോഗികള്‍ക്കും ഉപയോഗിക്കാവുന്ന പഞ്ചസാരയ്ക്കും വ്യാവസായിക മൂല്യമുണ്ട്. തേങ്ങാപ്പാലും തേങ്ങാ പഞ്ചസാരയും ചേര്‍ത്ത് ആരോഗ്യകരമായ ഐസ്‌ക്രീം നിര്‍മ്മിക്കാം. തേങ്ങാപ്പീരയിലും ധാരാളം പോഷകങ്ങള്‍ അടങ്ങിയി്ട്ടുണ്ട്. അവ ഉപയോഗിച്ച് കുര്‍ക്കുറേ, പാസ്ത, മുറുക്ക്, ബിസ്‌ക്കറ്റ്, ന്യൂട്രിബാര്‍, കേക്ക് തുടങ്ങി വിവിധ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കാം.
കരിക്ക് വെള്ളം കാര്‍ബണേറ്റ് ചെയ്തും, പച്ചത്തേങ്ങയില്‍ നിന്ന് വെന്തവെളിച്ചെണ്ണ ഉണ്ടാക്കിയും, തേങ്ങാപാല്‍പ്പൊടി നിര്‍മ്മിച്ചും, തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാത്ത നീര ഉണ്ടാക്കിയും മറ്റും വിവിധങ്ങളായ സംരംഭ സാധ്യതകള്‍ കണ്ടെത്താം. ഭാരംകുറഞ്ഞതും എളുപ്പം കയറ്റി അയക്കാവുന്നതുമായ ഇളനീര്‍ പാനീയം, ഇളനീരും, പച്ചത്തേങ്ങയും, തേങ്ങയും നല്‍കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങളും അവയുടെ നിര്‍മ്മാണത്തിനായി സി.പി.സി.ആര്‍.ഐ ഗവേഷകര്‍ തയ്യാറാക്കിയ വ്യത്യസ്തങ്ങളായ ഉപകരണങ്ങളും ശില്‍പശാലയില്‍ പരിചയപ്പെടുത്തും.