പത്തനംതിട്ട: അതിരാവിലെ, സൈറണിട്ട് ഫയര്‍ ഫോഴ്‌സും ആംബുലന്‍സും പത്തനംതിട്ട നഗരസഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് എത്തിയപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. പലരും ഫയര്‍ എന്‍ജിനു പിന്നാലെ വിവരം അറിയാനായി ഓടിയെത്തി. പിന്നാലെ ചിലരെ സ്ട്രെച്ചറില്‍ എടുത്തു ആംബുലന്‍സിലേക്കു കയറ്റുന്ന കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്. ആശങ്കകള്‍ നിറഞ്ഞ നിമിഷങ്ങള്‍ക്കു ശേഷമാണ് ആളുകള്‍ക്ക് കാര്യം പിടികിട്ടിയത്. ദുരന്ത നിവാരണ വിഭാഗവും ഫയര്‍ ഫോഴ്‌സും പോലീസും സംയുക്തമായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ മോക്ക് ഡ്രില്‍ ആയിരുന്നു സംഭവം.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. മാര്‍ക്കറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന നഗരസഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ പെട്ടന്ന് തീ പിടുത്തം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന രീതി ആയിരുന്നു മോക്ക് ഡ്രില്ലില്‍ അവതരിപ്പിച്ചത്. പോലീസും ആംബുലന്‍സും ഫയര്‍ ഫോഴ്‌സും ദുരന്തനിവാരണ വോളണ്ടിയര്‍മാരും പങ്കെടുത്തതോടെ മോക്ക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയായി. പങ്കെടുത്ത സേന അംഗങ്ങളെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.