കേരളത്തിന്റെ സാമൂഹ്യബോധം ഉയര്‍ത്തിയത് സാക്ഷരതാ പ്രസ്ഥാനം

Spread the love

ഇടുക്കി: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യ ബോധത്തിന് കാരണമായത് സാക്ഷരതാ പ്രസ്ഥാനമാണെന്ന് മുന്‍ മന്ത്രിയും ഉടുമ്പഞ്ചോല എംഎല്‍എ യുമായ എം എം മണി പറഞ്ഞു. ഇടുക്കി ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വ്വേയിലൂടെ കണ്ടെത്തിയ പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച സാക്ഷരതാ പരീക്ഷ ‘ മികവുത്സവം’ ജില്ലാതല ഉദ്ഘാടനം രാജാക്കാട് കരുണാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കുന്നതിനുള്ള പദ്ധതികള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.കരുണാ ഭവനിലെ സാക്ഷരതാ പഠിതാക്കള്‍ക്ക് അദ്ദേഹം ചോദ്യാവലികള്‍ വിതരണം ചെയ്തു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ പഠിതാക്കളെ സ്വീകരിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് മുഖ്യാതിഥിയായി. സാക്ഷരതാ മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയി പരീക്ഷാ സന്ദേശം നല്കി. 26, 27 തീയതികളിലായി നടത്തിയ സാക്ഷരതാ പരീക്ഷയില്‍ ഇടുക്കി ജില്ലയില്‍ 23,840 പേരാണ് പരീക്ഷ എഴുതിയത്. 2,317 സാക്ഷരതാ ക്ലാസുകളാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. സന്നദ്ധ സേവകരായ 2,317 ഇന്‍സ്ട്രക്ടര്‍മാരാണ് സാക്ഷരതാ ക്ലാസുകളില്‍ പഠിതാക്കളെ അക്ഷരം പഠിപ്പിച്ചത്. ‘ മികവുത്സവത്തില്‍ ‘ പങ്കെടുത്തവരില്‍ 17,267 പേര്‍ സ്ത്രീകളാണ്. പുരുഷന്‍മാര്‍ 6,573 പേരും. എസ് സി വിഭാഗത്തില്‍ നിന്ന് 6,694 പേരും, എസ് ടി വിഭാഗത്തില്‍ നിന്ന് 5,872 പേരും പരീക്ഷ എഴുതി. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 4,759 പേരും പൊതു വിഭാഗത്തില്‍ നിന്ന് 6,515 പേരും പരീക്ഷ എഴുതാനുണ്ടായിരുന്നു.15 വയസിനു മുകളിലുള്ളവരായിരുന്നു പഠിതാക്കള്‍ എല്ലാവരും. പഠിതാക്കളുടെ പഠന കേന്ദ്രങ്ങള്‍ തന്നെയാണ് പരീക്ഷാ കേന്ദ്രങ്ങളായി ഒരുക്കിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *