കുമ്പഴ: 2021 മാർച്ച് ഇരുപതാം തീയ്യതി ന്യൂയോർക്കിൽ ദിവംഗതനായ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പീസ്‌ക്കോപ്പായുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ജന്മനാടായ പത്തനംതിട്ട കുമ്പഴയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും സഭയിലെ മറ്റ് തിരുമേനിമാരുടെയും, കോർ എപ്പീസ്‌ക്കോപ്പാമാരുടെയും, റമ്പാച്ചൻമാരുടെയും മറ്റനേകം വൈദീകരുടെയും സാന്നിധ്യത്തിലും അടക്കം ചെയ്തു.
2022 മാർച്ച് ഇരുപത്തിരണ്ടാം തീയതി ന്യൂയോർക്ക് ലോംഗ് അയലന്റ് സെന്റ്. തോമസ് മലങ്കര ഓർത്തഡോൿസ് പള്ളി വികാരി ഫാദർ എബി ജോർജ്ജിന്റെയും ഇടവക ജനങ്ങളുടേയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ എമിറേറ്റ്സ് വിമാനത്തിൽ വെളുപ്പിന് മൂന്നര മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഭൗതികശരീരം കോർഎപ്പീസ്‌ക്കോപ്പായുടെ സഹോദരപുത്രൻ ജോൺ ശങ്കരത്തിൽ അച്ചന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി . രണ്ടു ദിവസം തറവാട്ട് വീടായ കുമ്പഴ ശങ്കരത്തിൽ ഭവനത്തിൽ പൊതുദർശനത്തിന് വച്ച ഭൗതീക ശരീരത്തിൽ നാടിന്റെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു.
കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യൻ, സംസ്ഥാന സർക്കാരിനുവേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ്, മുൻ എം പി ഫ്രാൻസിസ് ജോർജ്ജ്, കേരളാ കോൺഗ്രസ്സ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ . ജോസഫ് MLA , മലയാള മനോരമയ്ക്കുവേണ്ടി എഡിറ്റോറിയൽ ബോർഡ് ഡയറക്റ്റർ ശ്രീ. തോമസ് ജേക്കബ്ബ്, ചീഫ് ന്യൂസ് എഡിറ്റർ ജോസ് പനച്ചിപ്പുറം, മനോരമ പത്തനംതിട്ട ബ്യുറോ ചീഫ് ജോൺ കക്കാട്, മലങ്കര ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി സഭാ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ, പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസ്സൈൻ, ലോംഗ് അയലന്റ് സെന്റ്. തോമസ് മലങ്കര ഓർത്തഡോൿസ് പള്ളി വികാരി ഫാദർ എബി ജോർജ്ജ്, ഡീക്കൻ സോജിൽ എബ്രഹാം, ന്യൂയോർക്ക് പള്ളിയിലെ മർത്തമറിയം സമാജത്തെ പ്രതിനിധീകരിച്ച് സന്ധ്യ തോമസ് തുടങ്ങി സാമൂഹിക സാംസ്കാരിക സാമുദായിക രാഷ്‌ടീയ രംഗത്തെ ഒട്ടനവധിപ്പേർ റീത്ത് സമർപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
യോഹന്നാൻ കോർ എപ്പീസ്‌കോപ്പാ അമേരിക്കൻ ഭദ്രാസന രൂപീകരണത്തിൽ വഹിച്ച നിർണ്ണായക പങ്കിനെക്കുറിച്ചും, സഭയ്ക്കും ഭദ്രാസനത്തിനും, സമൂഹത്തിനും ചെയ്ത സേവനങ്ങളെക്കുറിച്ചും, അനുസ്മരിച്ചുകൊണ്ട് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവാ സംസ്കാര ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിച്ചു. തുടർന്ന്, ഭൗതീക ശരീരം പള്ളിയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ അടക്കം ചെയ്തു. വന്നുചേർന്ന ഏവർക്കും കോർഎപ്പീസ്‌ക്കോപ്പായുടെ സഹധർമ്മിണി എൽസി യോഹന്നാൻ ശങ്കരത്തിൽ നന്ദി രേഖപ്പെടുത്തി.
അങ്ങനെ 85 വർഷക്കാലം പിറന്ന നാടിനെയും, നാട്ടുകാരെയും, ഉറ്റവരെയും ഉടയവരെയും സ്നേഹിച്ച – നീണ്ട അമ്പത്തിരണ്ട് വർഷങ്ങൾ അമേരിക്കൻ ചരിത്ര വ്യതിയാനങ്ങൾക്കും അമേരിക്കൻ ഭദ്രാസന വളർച്ചയ്ക്കും സാക്ഷ്യം വഹിച്ച ആ വന്ദ്യ പുരോഹിത ശ്രേഷ്ഠന്റെ പ്രകാശവഴിയിലൂടെയുള്ള ആത്മീയ യാത്രയ്ക്ക് തിരശീല വീണു. താൻ ഏറെ സ്നേഹിച്ച ജന്മനാട്ടിലെ കുമ്പഴ പള്ളിയിൽ അന്ത്യവിശ്രമം വേണമെന്ന ആഗ്രഹപൂർത്തീകരണവുമായ് കുമ്പഴയുടെ മണ്ണിൽ വന്ദ്യ യോഹാന്നാൻ കോർ എപ്പീസ്‌കോപ്പായ്ക്ക് ഇനി അന്ത്യ വിശ്രമം.