സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വിജയകിരീടം കുട്ടിപ്പാട്ടുകാരി അനഘക്ക്

Spread the love

കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വിജയകിരീടം കുട്ടിപ്പാട്ടുകാരി അനഘ അജയ്ക്ക് സ്വന്തം. സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഗ്രാൻഡ് ഫൈനൽ എപ്പിസോഡിൽ മുഖ്യാതിഥിയായെത്തിയത്. വിജയിക്കുള്ള 10 ലക്ഷം രൂപയുടെ ചെക്കും ഫലകവും ജനപ്രിയ നടി അനഘക്ക് സമ്മാനിച്ചു.
ചുരുങ്ങിയ സമയം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ മനസ്സിലിടം നേടിയ കുട്ടിപ്പാട്ടുകാരുടെ മിഴിവേറും മിന്നും പ്രകടനങ്ങൾക്കാണ് ഫൈനൽ വേദി സാക്ഷിയായത്. ആറ് കുട്ടിപ്രതിഭകളാണ് കലാശപ്പോരാട്ടത്തിന് ഗ്രാൻഡ് ഫിനാലെ വേദിയിൽ മാറ്റുരച്ചത്. ഇതിൽ അവനി എസ് എസ്, സഞ്ജയ് സുരേഷ് എന്നിവർ ഫസ്റ്റ്, സെക്കൻറ് റണ്ണറപ്പുകളായി.

തുടക്കത്തിലെ 20 മത്സരാർഥികളിൽ നിന്നും വിരലിലെണ്ണാവുന്ന കുരുന്നു ഗായക പ്രതിഭകളിൽ എത്തി നിൽക്കുമ്പോൾ സ്വപ്‌നതുല്യമായ രംഗങ്ങൾക്കാണ് ഫൈനൽ വേദി സാക്ഷ്യം വഹിച്ചത്. ഒന്നര മാർക്കിന്റെ നേരിയ വിടവിൽ സ്വപ്‌നകിരീടം തന്നെ തേടിയെത്തിയപ്പോൾ ഈ അത്ഭുത വിജയത്തിന് വഴിയൊരുക്കിയ എല്ലാവർക്കും അനഘ നന്ദി അറിയിച്ചു. മാതാപിതാക്കളോടും പ്രേക്ഷകരോടുമുള്ള നന്ദി പറഞ്ഞുകൊണ്ട് ഒന്നും രണ്ടും റണ്ണർഅപ്പ്മാരായ അവനിയും സഞ്ജയ് യും സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ ജീവിതത്തിൽ വിസ്മയകരമായ മാറ്റങ്ങൾ കൊണ്ട് വന്ന ഈ സംഗീതയാത്രയിൽ കൂടെ കൂട്ടിയ എല്ലാവരെയും എന്നും ഓർക്കുമെന്നു അവനി പറഞ്ഞു. അനഘക്ക് അഭിനന്ദനങ്ങൾ അറിയിക്കാനും ഈ കൊച്ചു മിടുക്കി മറന്നില്ല. ആദ്യ മൂന്നിൽ എത്തിപ്പെടാൻ സാധിച്ചതിന്റെ അഭിമാനം സഞ്ജയ് യും പങ്കു വെച്ചു.

ബ്ലൈൻഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി ഗായകരാണ് ഈ വേദിയിൽ സ്വരമാധുരിയാൽ മത്സരിച്ചത്. തുടക്കം മുതൽ നിരവധി അത്ഭുതപ്രകടനങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വേദിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ. കൂടാതെ കുട്ടിപ്പാട്ടുകാർക്ക് കരുതലായി മാർഗ നിർദ്ദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാൻഡ് ജൂറിയുടെ സാന്നിധ്യവും ഈ സംഗീത റിയാലിറ്റി ഷോയെ വ്യത്യസ്തമാക്കിയിരുന്നു.

പ്രശസ്ത സംഗീതജ്ഞരായ ഔസേപ്പച്ചൻ, ദീപക് ദേവ്,ഹിഷാം അബ്ദുൽ വഹാബ് എന്നിവരോടൊപ്പം ഗിന്നസ് പക്രു, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ എന്നിവരും ഫൈനൽ വേദിയെ ധന്യമാക്കാൻ എത്തിയിരുന്നു. സീ കേരളം ചാനലിലെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ഡാൻസ് കേരള ഡാൻസ് ടീമിന്റെ മാസ്സ് എൻട്രിയും സരിഗമപ വേദിയിലെ അനശ്വരനിമിഷങ്ങളിൽ ഒന്നായി. പ്രശസ്‌ത കൊറിയോഗ്രാഫർമാരായ പ്രസന്ന മാസ്റ്റർ, ഐശ്വര്യ രാധാകൃഷ്‌ണൻ ,നടിയും നർത്തകിയുമായ മിയ ജോർജ് എന്നിവരാകും ഏപ്രിലോടെ പ്രേക്ഷകരിലേക്കെത്തുന്ന ഈ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ. മുൻ സീസൺ പോലെ അവതകരായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട കോംബോ, ശില്പ ബാലയും അരുണും ആയിരിക്കും. പ്രേക്ഷകഹിതമറിഞ്ഞ പുതുപുത്തൻ പരിപാടികളുമായി സീ കേരളം ചാനൽ ജൈത്രയാത്ര തുടർന്ന്കൊണ്ടിരിക്കുന്നു.

Report :  Anju V (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *