അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏർപ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും സുരക്ഷിത പാർപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ്‌വെയറിന്റെയും രെജിസ്ട്രേഷന്റെയും ഉദ്‌ഘാടനം 30 / 03 / 2022 – ബുധനാഴ്‌ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും .
തിരുവനന്തപുരം വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ തൃശൂർ , കണ്ണൂർ , മലപ്പുറം ,പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്ററുകൾ വെർച്വലായാണ് ഉദ്‌ഘാടനം ചെയ്യുന്നത് . ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്റർ സൗകര്യം ലഭ്യമാകും .
ഇതര സംസ്ഥാന തൊഴിലാളികൾക്കു സഹായം ലഭ്യക്കുന്നതിനായി ഹിന്ദി / ബംഗാളി / മലയാളം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നവരെ ഇവിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട് .ജോലി , ബാങ്കിങ് , ആരോഗ്യം , യാത്ര , അപകടത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള സഹായം ലഭ്യമാക്കൽ , നിയമ പരിരക്ഷ സംബന്ധിച്ച അവബോധം നൽകൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും .
അതിഥി തൊഴിലാളികൾക്ക് 6 . 5 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഫ്ലോർ ഏരിയയും അടുക്കളയും ടോയ്ലറ്റ് ഉൾപ്പെടെയുള്ള പൊതു സൗകര്യങ്ങളും ഉള്ള മെച്ചപ്പെട്ട വാടക കെട്ടിടം ലഭ്യമാക്കുകയാണ് ആലയ് പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത് .
ഇതിനായി തൊഴിൽ വകുപ്പ് സജ്ജമാക്കിയിട്ടുള്ള പോർട്ടലിൽ കെട്ടിട ഉടമകൾക്ക് രെജിസ്റ്റർ ചെയ്യാവുന്നതും ഇതേ പോർട്ടലിലൂടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെച്ചപ്പെട്ട കെട്ടിടങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യാം .
പദ്ധതി നടത്തിപ്പിനായി എല്ലാ ജില്ലകളിലും ആർ ഡി ഒ / സബ് കലക്‌ടർ , ജില്ലാ പഞ്ചായത്തു സെക്രട്ടറി , ജില്ലാ ലേബർ ഓഫീസർ എന്നിവർ അംഗങ്ങളായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട് .