ഗ്രേഡിംഗ് സംവിധാനം : തൊഴിൽ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെ ഉദ്ഘാടന പ്രസംഗം

Spread the love

തൊഴിൽ സംരംഭകരുടെ പ്രൗഢഗംഭീര സദസ്സിലാണ് ഞാൻ നിൽക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം സമർപ്പിക്കുകയുണ്ടായി. തൊഴിലാളികളുടെ നന്മകളെയും പ്രകടനങ്ങളെയും ആദരിക്കുന്നതിനൊപ്പം തൊഴിൽ ദാതാക്കളുടെ മികവിനെയും നാം ആദരിച്ചേ പറ്റൂ. തൊഴിലിടങ്ങളിൽ തൊഴിലാളിയും തൊഴിൽ ദാതാവും പരസ്പര പൂരകങ്ങൾ ആണ്. ഒന്ന്‌ നിലനിന്നാലേ മറ്റേതും നിലനിൽക്കൂ.

സംസ്ഥാനത്ത് മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം തുടരണം എന്നാണ് സർക്കാർ നിലപാട്.

കേരളത്തിലെ വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ അവയുടെ വ്യത്യസ്ഥ തലങ്ങളിലുള്ള പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യുന്നതിന് സർക്കാർ രൂപം നൽകിയ തൊഴിൽ നയത്തിൽ വിഭാവനം ചെയ്തിരുന്നു. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ-വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നീ മാനദണ്ഡങ്ങളെ ആസ്പദമാക്കി ഓൺലൈൻ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് വജ്ര, സുവർണ്ണ, രജത എന്നിങ്ങനെ ഗ്രേഡുകൾ ഉൾപ്പെടുത്തി നടപ്പിലാക്കിയിരുന്നു.

വജ്ര അവാർഡ് കരസ്ഥമാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ലേബർ കമ്മീഷണറുടെ പ്രത്യേക പരിശോധനയിലൂടെ സ്ഥാപനങ്ങൾ തൊഴിലാളികൾക്കും സമൂഹത്തിനും നൽകി വരുന്ന നിയമപ്രകാരമുള്ളതിലും അധികമായുള്ള സേവനങ്ങൾ വിലയിരുത്തി ഓരോ മേഖലയിലേയും മികച്ച സ്ഥാപനത്തെ കണ്ടെത്തി മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് നൽകുന്നതാണെന്നും തീരുമാനിക്കപ്പെട്ടു.

ലേബർ കമ്മീഷണറുടെ പരിശോധനയില്‍ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് സ്വന്തം നിലയില്‍ നൽകി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷകള്‍, മെഡിക്കല്‍ ലീവ്,മറ്റ് അധിക ആനുകൂല്യങ്ങള്‍ തുടങ്ങിയവയും സി‌എം‌ഡിആര്‍‌എഫ് സംഭാവനകള്‍, വേതന സുരക്ഷാ പദ്ധതിയിലൂടെയുള്ള വേതന വിതരണം തുടങ്ങിയ ഘടകങ്ങളും മികച്ച സ്ഥാപനത്തെ കണ്ടെത്തുന്നതിന് പരിഗണിച്ചു.

ഗ്രേഡിംഗ് നടപ്പാക്കുന്ന തൊഴിൽ മേഖലകൾ ഇവയാണ്.

1. ടെക്‌സ്റ്റൈൽ ഷോപ്പുകൾ

2. ഹോട്ടലുകള്‍ (ഹോട്ടല്‍ , റസ്‌റ്റോറന്റ്)

3. സ്റ്റാര്‍ ഹോട്ടലുകൾ, റിസോർട്ടുകൾ

4. ജൂവല്ലറികള്‍

5. സെക്യൂരിറ്റി സ്ഥാപനങ്ങള്‍

6. ഹൗസ് ബോട്ടുകൾ

7. ഐ.ടി.സ്ഥാപനങ്ങള്‍

8. നിര്‍മ്മാണ മേഖല

9. ഓട്ടോമൊബൈല്‍ ഷോറൂമുകള്‍

10. ക്ലബ്ബുകള്‍

11. മെഡിക്കല്‍ ലാബുകള്‍ (മെഡിക്കൽ ലാബ് & എക്‌സ് റേ, സ്‌കാനിംഗ് സെന്ററുകള്‍)

ഗ്രേഡിംഗ് – മാനദണ്ഡങ്ങളും കൃത്യമായി രൂപപ്പെടുത്തി. അവ ഇനി പറയുന്നു.

1. മികച്ച തൊഴിൽ ദാതാവ്

2. തൊഴിൽ നിയമ പാലനത്തിലെ കൃത്യത

3. സംതൃപ്തരായ തൊഴിലാളികൾ

4. വേതന സുരക്ഷാപദ്ധതിയുടെ ഉപയോഗം

5. മികവുറ്റ തൊഴിൽ അന്തരീക്ഷം

6. തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം

7. സ്‌ത്രീ സൗഹൃദം

8. തൊഴിലാളി ക്ഷേമപദ്ധതികളോടുള്ള ആഭിമുഖ്യം

9. തൊഴിലിടത്തിലെ സുരക്ഷ

10. സാമൂഹിക പ്രതിബന്ധത

2020 വർഷത്തെ ഗ്രേഡിംഗ് അസ്സസ്സ്മെന്റ് നടപടികൾ ഈ വർഷം ജനുവരി ഒന്നിന് ആരംഭിച്ചു. 1361 അപേക്ഷകൾ ആണ് ലഭിച്ചത്
അപേക്ഷകളിൽ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ തലത്തിലും ജില്ലാ തല കമ്മിറ്റി തലത്തിലുമുള്ള പരിശോധനകൾ പൂർത്തിയാക്കി ആര്‍‌ജെ‌എല്‍‌സി തലത്തില്‍ അപ്പീല്‍ നടപടികളും പൂര്‍ത്തിയാക്കി. ഇതിന് ശേഷമുള്ള 210 അപേക്ഷകൾ സംസ്ഥാന തല കമ്മിറ്റി അംഗീകരിച്ചു . ഈ സ്ഥാപനങ്ങളില്‍ 93 സ്ഥാപനങ്ങളെ വജ്ര അവാര്‍ഡിനും 117 സ്ഥാപനങ്ങളെ സുവര്‍ണ അവാര്‍ഡിനും തിരഞ്ഞെടുത്തു . തുടർന്ന് മുഖ്യമന്ത്രിയുടെ എക്സലനസ് അവാർഡിനായി വജ്ര അവാർഡ് നേടിയ സ്ഥാപനങ്ങളില്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദേശ പ്രകാരമുള്ള ടീം പ്രത്യേക പരിശോധന നടത്തി 8 സ്ഥാപനങ്ങളെ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിനായി തിരഞ്ഞെടുത്തു .

ഇതാണ് അവാർഡ് നിർണയത്തിന്റെ സംഗ്രഹം. അടുത്ത വർഷം മുതൽ ഈ മേഖലയിലെ വിദഗ്ധരെ കൂടുതൽ ആയി കമ്മിറ്റിയിൽ എടുക്കാൻ ആലോചന ഉണ്ട്‌.

സംസ്ഥാനത്ത് മികച്ച തൊഴിൽദായക- തൊഴിലാളി ബന്ധം ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അക്കാര്യം ഏവരും ഉൾക്കൊള്ളുമെന്നാണ് ഞാൻ കരുതുന്നു. ആരോഗ്യകരമായ തൊഴിലന്തരീക്ഷം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും. ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു, ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *