മണക്കാട് – ആറ്റുകാൽ- ചിറമുക്ക് – കാലടി റോഡ് നാലുവരിയാക്കാൻ പദ്ധതി; ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി*
മണക്കാട് – ആറ്റുകാൽ – ചിറമുക്ക് -കാലടി റോഡ് നാലുവരി ആക്കാനുള്ള പദ്ധതി സംബന്ധിച്ച് കൂടിയാലോചന നടത്താൻ നേമം എംഎൽഎ കൂടിയായ മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്തു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് വികസനം നടപ്പാക്കുന്നത്. 2.3 കിലോമീറ്റർ നീളമുള്ള റോഡാണ് നാലുവരിപ്പാത ആക്കുന്നത്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോർട്ട് കിഫ്ബിയുടെ അപ്രൈസലിനായി സമർപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നായ ഈ റോഡിന്റെ വികസനം യാഥാർഥ്യമാകുന്നതോടെ ആറ്റുകാൽ ക്ഷേത്രം, മണക്കാട് വലിയപള്ളി എന്നിവയുമായി ബന്ധപ്പെട്ട ഗതാഗത തിരക്കിന് പരിഹാരമുണ്ടാകും.
റോഡ് വികസന പദ്ധതിക്കായി റസിഡൻസ് അസോസിയേഷനുകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും എംഎൽഎക്ക് നിവേദനങ്ങൾ നൽകിയിരുന്നു. എത്രയും വേഗം സ്ഥലം ഏറ്റെടുക്കാനും എസ്റ്റിമേറ്റ് തുക കണക്കാക്കാനുള്ള നടപടികൾ ത്വരിത ഗതിയിലാക്കാൻ മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കിഫ്ബി പ്രൊജക്റ്റ് മാനേജർ രാജീവ്, റിസോഴ്സ് പേഴ്സൺ ഹൈദ്രു, പ്രൊജക്റ്റ് എഞ്ചിനീയർ വിനീത്, റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജീജാബായി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
—