കൊല്ലം: തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്. വനിതാശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ്. സ്ത്രീ-, പരിസ്ഥിതിസൗഹൃദ പദ്ധതികള്‍ അനവധി. വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കും. ആതുരാലയങ്ങളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തും. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത. വ്യാവസായിക മേഖലയില്‍ വികസനത്തോടൊപ്പം തൊഴിലവസരങ്ങളും. ടൂറിസം മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തും. ബജറ്റ് അവതരണ വേളയില്‍ വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍ പറഞ്ഞു.
യുവജനക്ഷേമത്തിന് പ്രാധാന്യം നല്‍കി സ്‌കില്‍ടെക്കിന് നാലു കോടി രൂപ, മാലാഖ കൂട്ടം പദ്ധതിക്ക് മൂന്നരക്കോടി, അഗ്രിടെകിന് മൂന്നുകോടി തുടങ്ങി സഹസ്ര ദിനസര്‍വ്വേ, യൂത്ത്‌ടെക് എന്നിവയ്ക്കും തുക വകയിരുത്തി. കാര്‍ഷികമേഖലയില്‍ ഹരിതഗ്രാമത്തിന് 50 ലക്ഷം, ദേശിംഗനാട് നഴ്‌സറിക്ക് 10 ലക്ഷം, കാര്‍ഷിക കലണ്ടറിന് അഞ്ച് ലക്ഷം, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങല്‍ രണ്ട് കോടി, തരിശുരഹിത കൊല്ലത്തിന് ഒരു കോടി, ഫാംമിത്ര പദ്ധതിക്ക് 25 ലക്ഷം, ടിഷ്യു കള്‍ച്ചര്‍ ലാബ്, പ്രോജനി ഓര്‍ച്ചാഡ് എന്നിവയ്ക്ക് 50 ലക്ഷം, ജൈവ കീടനാശിനി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് 25 ലക്ഷം, കൃഷിഫാം വിപുലീകരണത്തിന് ഒരു കോടി, എക്കോ ഷോപ്പിന് 50 ലക്ഷം, ഫുഡ് പാര്‍ക്ക്, മഴമറ, ഫാം ടൂറിസം, ഡൊമസ്റ്റിക് ആനിമല്‍ മ്യൂസിയം, അഞ്ചല്‍ ഫാമില്‍ ജലസംഭരണി, കര്‍ഷകമിത്രം, ലേബര്‍ ബാങ്ക്, കല്പം വെളിച്ചെണ്ണ, ഫെന്‍സിങ്, സ്‌കൂളുകളില്‍ മാതൃകാ കൃഷിത്തോട്ടങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പന്ന വിപണന കേന്ദ്രം തുടങ്ങിയവയ്ക്കും അര്‍ഹമായ പരിഗണന.
ഗ്രാമവണ്ടി, പിങ്ക് ഗ്രാമവണ്ടി പദ്ധതികള്‍ വഴി പൊതുഗതാഗത സംവിധാനത്തിന് കരുത്തേകാന്‍ 70 ലക്ഷം നീക്കി വച്ചു. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളുടെ ഏകോപനത്തിന് ജില്ലാതല സെന്റര്‍ ആരംഭിക്കാന്‍ രണ്ടുകോടി, ഷീ ലോഡ്ജിന് ഒരുകോടി എന്നിവയടക്കം വനിതാ സംരംഭകത്വം, ജെന്‍ഡര്‍ ഡെസ്‌ക്, മനപ്പൊരുത്തം തുടങ്ങിയവയ്ക്കും പ്രത്യേകം തുക വകയിരുത്തി. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഒഴുകാം ശുചിയായി, സൗരഗ്രാമം പദ്ധതികള്‍ക്ക് രണ്ടു കോടി 60 ലക്ഷം വകയിരുത്തി. ദുരന്തനിവാരണ സേന രൂപീകരണത്തിനും ഉപകരണങ്ങള്‍ക്കും ഒരു കോടി. വേലിയേറ്റ-വേലിയിറക്ക പ്രദേശങ്ങളില്‍ കൂടുതല്‍ പഠനത്തിന് ഒരുകോടി, കുടിവെള്ള പരിശോധനയ്ക്കായി വാട്ടര്‍ ടെസ്റ്റിംഗ് ലാബ്, മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് മൂന്നു കോടി, പശ്ചാത്തല മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 63 കോടി, ജില്ലാ പഞ്ചായത്തിലെ അനിവാര്യ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് 32 കോടിയും വകയിരുത്തി.
വിഹിതം, തനത്‌വരുമാനം എന്നിവയിലൂടെ 1,54,13,66,500 രൂപയും പ്രാരംഭ ബാക്കി ഇനത്തില്‍ 29,27,44,594 രൂപയും ഉള്‍പ്പെടെ ആകെ 1,83,41,11,094 രൂപ വരവും 1,75,73,70,000 രൂപ ചെലവും 7,67,41,094 രൂപ നീക്കിയിരിപ്പുമാണ് ബജറ്റ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയല്‍ അധ്യക്ഷനായി.