റെക്കോര്‍ഡ് തുക വായ്പ നല്‍കി വനിതാ വികസന കോര്‍പറേഷന്‍

തിരുവനന്തപുരം: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 165.05 കോടി രൂപ വായ്പ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11,866 വനിതാ ഗുണഭോക്താക്കള്‍ക്കായാണ് ഈ തുക വായ്പ നല്‍കിയിട്ടുള്ളത്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. 34 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പറേഷന്‍ വായ്പ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഈ സാമ്പത്തികവര്‍ഷം തിരിച്ചടവുകളിലായി 112 കോടി രൂപ കോര്‍പറേഷന് ലഭിക്കുകയും ചെയ്തു. വനിത വികസന കോര്‍പറേഷന് നല്‍കുന്ന ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റിയാണ് ഇത്രയേറെ പേര്‍ക്ക് വായ്പ നല്‍കാന്‍ സാധ്യമായത്. ചുരുങ്ങിയ കാലം കൊണ്ട് റെക്കോര്‍ഡ് വായ്പ നല്‍കിയ വനിതാ വികസന കോര്‍പറേഷന്‍ മാനേജ്‌മെന്റിനേയും ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്തെ സ്ത്രീകളുടെ സമഗ്ര ശാക്തീകരണം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് 1988ല്‍ സ്ഥാപിതമായതാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സംരംഭക, വിദ്യാഭ്യാസ വായ്പകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കുന്നുണ്ട്. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കില്‍ കോര്‍പറേഷന്‍ വായ്പയായി നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. കൂടാതെ വിദ്യാഭ്യാസ വായ്പയും കോര്‍പറേഷന്‍ അനുവദിക്കുന്നുണ്ട്.

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് കോര്‍പറേഷന്‍ നടത്തുന്നത്. വായ്പകള്‍ കൂടാതെ, സ്ത്രീ സുരക്ഷ, വനിതാ ക്ഷേമം എന്നീ മേഖലകളിലും കോര്‍പ്പറേഷന്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തിനു കീഴിലുള്ള റീച്ച് ഫിനിഷിങ് സ്‌കൂളില്‍ വനിതകള്‍ക്കായി വിവിധ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. അടുത്ത കാലത്തായി 6,500 ഓളം വനിതകള്‍ക്കാണ് പരിശീലനം നല്‍കിയത്.

Leave Comment