രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം ഞായറാഴ്ച കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് ഞായറാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് മുതൽ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനാവും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കണ്ണൂർ നഗരസഭ മേയർ ടി ഒ മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെബി ഗണേഷ്‌കുമാർ, കെ പി മോഹനൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ ആശംസ നേരും.
എംപിമാരായ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, എ എൻ ഷംസീർ, ടി ഐ മധുസൂദനൻ, സജീവ് ജോസഫ്, കെ വി സുമേഷ്, എം വിജിൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, കണ്ണൂർ നഗരസഭ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ എന്നിവർ സംബന്ധിക്കും. ചീഫ് സെക്രട്ടറി വിപി ജോയി സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി കെആർ ജ്യോതിലാൽ നന്ദിയും പറയും. തദ്ദേശ സ്ഥാപന പ്രതിനിധികൾ, പൊതുജനങ്ങൾ, സാമൂഹ്യ സാംസ്‌കാരിക മേഖലയിലുള്ളവർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന ‘ശ്രുതി മധുരം’ മിഥുൻ ജയരാജ് ഷോ അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുമ്പായി വൈകീട്ട് 4.30ന് ഗ്രാമ്യ നിടുവാലൂർ അവതരിപ്പിക്കുന്ന നാടൻ പാട്ട് തുടർന്ന്, കേരള ക്ഷേത്ര കലാ അക്കാദമി അവതരിപ്പിക്കുന്ന പഞ്ചവാദ്യം എന്നിവ അരങ്ങേറും.
സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാറിന്റെ വിവിധ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. സർക്കാറിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. പൊലീസ് മൈതാനിയിലെ ‘എന്റെ കേരളം’ അരങ്ങിൽ എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്ക് കലാ സാംസ്‌കാരിക സന്ധ്യ അരങ്ങേറും

Author

Leave a Reply

Your email address will not be published. Required fields are marked *