സാമ്പത്തികരംഗം അപകടകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി : വിഡി സതീശന്‍

Spread the love

രാജ്യത്തിന്റെ സാമ്പത്തികരംഗം അപകടകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണെന്നും വോട്ട് ചെയ്ത ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വിഡ്ഡികളാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മന്‍മോഹന്‍ സിങിന്റെ കാലത്ത് ആഗോളസാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ഇന്ത്യക്ക് മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയം താങ്ങാന്‍ ശേഷിയില്ല. റിസര്‍വ് ബാങ്ക് നോക്കുകുത്തിയായി. ബാങ്കിങ് സംവിധാനം താറുമാറായി. കോടികള്‍ കടമെടുത്ത് മുങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്നു. 12 ലക്ഷം കോടിയുടെ കിട്ടാക്കടവുമായി ബാങ്കുകള്‍ പകച്ച് നില്‍ക്കുകയാണ്. ദേശസാത്കൃതബാങ്കുകള്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അതിനിടെയാണ് തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ്. ഇന്ത്യയില്‍ ഇന്ധനവില വര്‍ധനവ് അന്താരാഷ്ട്ര വിപണയിലെ ക്രൂഡോയിലിന്റെ വിലയെ അടിസ്ഥാനമാക്കിയല്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് 300 ശതമാനമാണ് മോദി വില വര്‍ധിപ്പിച്ചത്. ഇതാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്. ഇത് വലിയ വിലവര്‍ധനവിന് കാരണമായി. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ ഇന്ധനവില വര്‍ധനവ് കാര്യമായി ബാധിച്ചു. ലക്ഷം കോടിയുടെ വരുമാനം കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടും അതിന്റെ ഒരു ഗുണവും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന്‍, റ്റി.യു. രാധാകൃഷ്ണന്‍, വി. പ്രതാപചന്ദ്രന്‍, എന്‍.ശക്തന്‍, വി.പി . സജീന്ദ്രന്‍, വി.ടി. ബല്‍റാം, ജി.സുബോധന്‍, ജി.എസ്.ബാബു, പഴകുളം മധു, കെ. ജയന്ത്, മരിയാപുരം ശ്രീകുമാര്‍, എം.എം നസീര്‍, കെ.പി. ശ്രീകുമാര്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, വി.ജെ. പൗലോസ്, ആര്യാടന്‍ ഷൗക്കത്ത്, മണക്കാട് സുരേഷ്, ശരത്ചന്ദ്രപ്രസാദ്,എം.ലിജു, വി.എസ്. ശിവകുമാര്‍, പന്തളം സുധാകരന്‍, വര്‍ക്കല കഹാര്‍, ദീപ്തിമേരി വര്‍ഗീസ്, കെ.പി.സി.സി, ഡിസിസി ഭാരവാഹികള്‍, എം.എല്‍.എ.മാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മ്യൂസിയം ജംഗ്ഷനില്‍ നിന്നും രാജ്ഭവനിലേക്ക് സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്രനടത്തിയും പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ എ.ഐ.സി.സി.യുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി കേരളത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധപരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. വിലക്കയറ്റ മുക്തഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് ഘട്ടമായിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം. മാര്‍ച്ച് 31 ന് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തി സംസ്ഥാനവ്യാപകമായും ഏപ്രില്‍ 4 ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *