സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

Spread the love

ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നു.

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നു. വ്യാജപ്രചരണം നടത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞും തീര്‍പ്പാകാത്ത കേസുകള്‍ തീര്‍പ്പാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. ഈ കേസുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇ ഓഫീസ് സംവിധാനം നടപ്പിലാക്കും. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനാണ് ചീഫ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പിനെപ്പറ്റി വ്യാജപ്രചരണമാണ് നടക്കുന്നത്. ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ചുരുക്കം ചിലര്‍ നടത്തുന്നത്. തീരുമാനിച്ച കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കും. ചീഫ് സെക്രട്ടറി ചര്‍ച്ച ചെയ്തത് അനേകം വര്‍ഷങ്ങളായി നടപടികള്‍ തീര്‍പ്പാക്കാത്ത കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. 20 മുതല്‍ 30 വര്‍ഷങ്ങള്‍ വരെയുള്ള കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചര്‍ജെടുത്തതിന് വളരെ വര്‍ഷങ്ങള്‍ മുമ്പുള്ള പഴയ കേസുകളാണ് അധികവും. പലതിലും കോടതിയലക്ഷ്യ നടപടികള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരെയുണ്ടായി. ആരോഗ്യ വകുപ്പ് സെക്രട്ടറിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ വരാന്‍ പാടില്ല. കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ലതുപോലെ കൈകാര്യം ചെയ്ത് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും പരാതികള്‍ തീര്‍പ്പാക്കാനും വേണ്ടിയാണ് ശ്രമിക്കുന്നത്. അത് സര്‍ക്കാര്‍ തീരുമാനമാണ്. ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയില്‍ കൊടുത്ത നിര്‍ദേശത്തിന്റ കൂടി അടിസ്ഥാനത്തില്‍ ഇത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറി നല്‍കിയത്.

തികച്ചും ആഭ്യന്തര കാര്യമായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തന അവലോകനമല്ല നടത്തിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി വര്‍ഷങ്ങളായി പറഞ്ഞ കാര്യങ്ങള്‍ അന്നുമുതലേ നടപ്പാക്കാത്തതിനാലാകാം കര്‍ശന ഭാഷ ഉപയോഗിച്ചത്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന ശക്തമായ നിര്‍ദേശമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയത്. അതിന് പകരം ആരോഗ്യ വകുപ്പ് മൊത്തത്തില്‍ മോശമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതൊരു അജന്‍ഡയുടെ ഭാഗമാണ്. അങ്ങനെ പ്രചരണം നടത്തിയാലും തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കും. ആരോഗ്യ വകുപ്പിലെ 98 ശതമാനം ജീവനക്കാരും ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ്. പക്ഷെ ഇത് നടപ്പിലാക്കാന്‍ ആഗ്രഹമില്ലാത്ത വളരെ ചുരുക്കം പേരാകാം ഇങ്ങനെയുള്ള പ്രചരണത്തിന് പിന്നില്‍. അതനുവദിക്കില്ല. സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *