പരിധിയില്ലാത്ത ഇന്ധന-പാചകവാതക വിലവര്‍ധനവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൃഷ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പാചകവാതക-ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ ധര്‍ണ്ണയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2014 മുതല്‍ ഇന്നുവരെ നാടിനുണ്ടായ ഭൗതികവും സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ വിലയിരുത്താന്‍ സമയമായി. ജനക്ഷേമം മുന്‍നിര്‍ത്തിയാണ് യുപിഎ രാജ്യം ഭരിച്ചതെങ്കില്‍ മോദി പ്രാധാന്യം നല്‍കുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കാണ്.തുടര്‍ച്ചയായ പാചക-ഇന്ധനവില വര്‍ധനവില്‍ ജനം പൊറുതിമുട്ടി. അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സമസ്തമേഖലയും പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.നിത്യോപയോഗ സാധനങ്ങള്‍ക്കും നിര്‍മ്മാണ സാമഗ്രികള്‍ക്കും വില കുതിച്ച് ഉയരുകയാണ്. പെട്ടിക്കട മുതല്‍ സ്റ്റാര്‍ ഹോട്ടല്‍ വരെയും കാളവണ്ടി മുതല്‍ വിമാനം വരെയും ഇന്ധനവില വര്‍ധനവ് ബാധിച്ചു. ഉപ്പുതൊട്ട് കര്‍പ്പൂരും വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില വാണംപോലെ കുതിക്കുകയാണ്. ഇതിനെല്ലാം കാരണം ഇന്ധനവില വര്‍ധനവാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയാണ് വിലവര്‍ധനവ് ആധാരം.
യുപിഎ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 66 രൂപയും ഡീസലിന് 50 രൂപയുമായിരുന്നു. എന്നാല്‍ മോദി ഭരണത്തില്‍ ഇന്ന് പെട്രോളിന് 118 രൂപയും ഡീസലിന് 104 രൂപയുമാണ് ലിറ്ററിന് ഈടാക്കുന്നത്. പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഒരു പാചകവാതക സിലണ്ടറിന്റെ വില 1000 രൂപയായി. ഇത് കുടുംബ അടുക്കളകളെ വറുതിയിലേക്ക് തള്ളിവിട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ക്രൂഡോയിലിന്റെ വില വര്‍ധിക്കുമ്പോഴാണ് ഇന്ധനവില കൂടിയിരുന്നതെങ്കില്‍ ഇന്നങ്ങനയല്ല. ക്രൂഡോയിലിന്റെ വില ഉയര്‍ന്നാലും താഴ്ന്നാലും ഇന്ത്യയില്‍ ഇന്ധനവില കുതിക്കുകയാണ്. ഇതിന് കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന അമിത നികുതിയാണ്. കഴിഞ്ഞ 8 വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാരിന് 26 ലക്ഷം കോടിയാണ് ഇന്ധനനികുതിയിലൂടെ ലഭിച്ചത്. ആനുപാതികമായ നേട്ടം സംസ്ഥാന സര്‍ക്കാരിനും ലഭിക്കുന്നു. പ്രതിവര്‍ഷം 6000 കോടിരൂപയാണ് ഇപ്രകാരം അധികവരുമാനം കേരള സര്‍ക്കാരിന് ലഭിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
കൈത്താങ്ങാവേണ്ട സര്‍ക്കാരുകള്‍ ജനങ്ങളുടെ അന്തകനാകുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. ജനപ്രതിനിധികള്‍ക്ക് ജനകീയ വിഷയങ്ങള്‍ പോലും ചര്‍ച്ച ചെയ്യാന്‍ അവസരമില്ലാത്ത പാര്‍ലമെന്റാണ് മോദി ഭരണത്തില്‍. ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് നരേന്ദ്രമോദി. പാര്‍ലമെന്റിലെ വെറും സന്ദര്‍ശകന്‍ മാത്രമായി പ്രധാനമന്ത്രി മാറി. ജനപ്രതിനിധികളെ കേള്‍ക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ജനാധിപത്യം അസ്തമിക്കാന്‍ പോകുന്നതരത്തിലാണ് നാടിന്റെ വര്‍ത്തമാനകാല രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുന്നത്. കത്തി ജ്വലിക്കുന്ന ജനവികാരത്തിന്റെ അഗ്‌നികുണ്ഡമായി ഇന്ത്യമാറി. ഭരണകൂടത്തിന്റെ സന്തതസഹചാരികള്‍ക്ക് മാത്രമാണ് നീതിലഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശബ്ദിച്ചാല്‍ നീതിനിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.