കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന നഗരിയിലെ ആരോഗ്യ വകുപ്പിന്റെ സ്റ്റാളിൽ തിങ്ങിനിറഞ്ഞ് ജനം. പ്രദർശന നഗരിയിലെത്തുന്നവർ ആരോഗ്യവകുപ്പിന്റെ സൗജന്യ ജീവിത ശൈലീ രോഗ നിർണയ കേന്ദ്രത്തിലെത്തിയാണ് മടങ്ങുന്നത്. ബോഡി മാസ് ഇൻഡക്‌സ്, രക്തസമ്മർദ്ദം, രാൻഡം ബ്ലഡ് ഷുഗർ പരിശോധനകൾ ഇവിടെയുണ്ട്.
പരിശോധന ശേഷം നിർദ്ദേശങ്ങളും ഭക്ഷണ ക്രമീകരണങ്ങളും ബോധവൽക്കരണവും നൽകുന്നുണ്ട്. നാലു ടീമുകളായി 12 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ഇതിനായി സജീവമായിട്ടുള്ളത്. പരിശോധനക്ക് ശേഷം ജീവിത ശൈലി രോഗനിർണയ സ്‌ക്രീനിംഗ് കാർഡും നൽകും.
കേരളത്തിലെ ആരോഗ്യ ചരിത്രത്തിന്റെ നാൾവഴികൾ, പകർച്ചവ്യാധികൾക്കു മുന്നിൽ പതറാതെ നിന്ന നിമിഷങ്ങൾ, കൊവിഡ് കാലത്തെ അതിജീവിച്ച് നടത്തിയ നിർണായക പ്രവർത്തനങ്ങൾ എന്നിവ ഫോട്ടോകളിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആർദ്രം മിഷനിലൂടെ കൈവരിച്ച നേട്ടങ്ങൾ, ആരോഗ്യരംഗത്തെ ക്ഷേമപദ്ധതികൾ, സേവനങ്ങൾ, വാക്‌സിനേഷൻ ബോധവൽക്കരണം, ആരോഗ്യ ഇൻഷുറൻസ് എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ സ്റ്റാളിലുണ്ട്.
പ്രദർശന നഗരിയിലെത്തുന്നവർക്ക് അവശ്യം വേണ്ട ആംബുലൻസ്, മെഡിക്കൽ സേവനങ്ങളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പ്രദർശന നഗരിയിലെത്തി ആശംസകൾ നേർന്നു. സന്ദർശകർക്കായി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ച് സമ്മാനങ്ങളും നൽകി.