കണ്ണൂരിന്റെ രാവിനെ രാഗമഴയിൽ അലിയിച്ച് ജയശ്രീ രാജീവ്

Spread the love

കണ്ണൂർ: രാവിനെ ഏകാഗ്രമാക്കി ശുദ്ധസംഗീതം കുളിർ മഴപോലെ ഹൃദയം തൊട്ട് പെയ്തിറങ്ങി. ആ മഴയിൽ ആസ്വാദകർ അലിഞ്ഞുചേർന്നു. വെള്ളിയാഴ്ചയുടെ രാവിനെ പ്രശസ്ത സംഗീതജ്ഞയും സിനിമാ പിന്നണി ഗായികയുമായ ജയശ്രീ രാജീവും സംഘവും രാഗമയമാക്കി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കണ്ണൂരുകാരിയായ ജയശ്രീരാജീവ് കർണാടിക് ഫ്യൂഷൻ അവതരിപ്പിച്ചത്. മൃദംഗത്തിൽ കുഴൽമന്ദം രാമകൃഷ്ണൻ മേള വിസ്മയം തീർത്തു. വയലിനിൽ മാഞ്ഞൂർ രഞ്ജിത്ത്, കീബോർഡിൽ വിൽസൺ, റിഥം പാഡിൽ ബിജു ഇടപ്പള്ളി എന്നിവർ സംഗീത സമന്വയത്തിന് നാദം പകർന്നു. കനത്ത മഴയെപ്പോലും അവഗണിച്ച് നിരവധി സംഗീത ആസ്വാദകരാണ് പൊലീസ് മൈതാനിയിൽ എത്തിയത്.നവരത്‌ന രാഗങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു ഫ്യൂഷന്റെ പ്രത്യേകത. ശാസ്ത്രീയ സംഗീത പ്രേമികൾക്കൊപ്പം സിനിമാ സംഗീതാസ്വാദകരേയും ഉള്ളിൽ തൊട്ടായിരുന്നു ആ സഞ്ചാരം. നാട്ട രാഗത്തിലെ ഗണേശ സ്തുതിയോടെയായിരുന്നു തുടക്കം. പിന്നെ ശുദ്ധ ധന്യാസി, മോഹനം തുടങ്ങി ഒൻപത് രാഗങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു. ഗൃഹാതുരത്വം തൊട്ടുണർത്തുന്ന ബഹു ഭാഷാ സിനിമാ ഗാനങ്ങൾ കൂടി പാടിയതോടെ ആസ്വാദകർ എല്ലാം മറന്നലിഞ്ഞു. കണ്ണൂർ മേലെ ചൊവ്വ സ്വദേശിനിയായ ജയശ്രീ രാജീവ് കാസർക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *