പത്തനംതിട്ട: പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ അവധിക്കാലം വിശപ്പുരഹിതമാക്കാനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് പട്ടികവര്‍ഗ ഊരുകളില്‍ നടത്തുന്ന ഭക്ഷണവിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വിശക്കുന്നവനെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ദൈവം. കാടറിയുന്നവരുടെ വയറെരിയാതിരിക്കാന്‍, അക്ഷരത്തോടൊപ്പം ആഹാരം എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അവധിക്കാലം പുതിയ ഇടങ്ങളും പുതിയ ചിന്തകളും തേടുന്ന സമയമാണ്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എഴുതിയ കൈയ്യൊപ്പിട്ട വഴികള്‍ എന്ന പുസ്തകം പട്ടികവര്‍ഗ ഊരുകളിലെ കുട്ടികള്‍ക്കായി ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിതരണം ചെയ്യണമെന്നും എംഎല്‍എ പറഞ്ഞു.പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയിലെ കുട്ടികള്‍ക്ക് സ്കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മികച്ച രീതിയിലുള്ള പഠനസൗകര്യങ്ങളാണ് സ്കൂള്‍ കെട്ടിടത്തില്‍ ഒരുക്കുക. അതിനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയായി. സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ അതിന്റെ പ്രവര്‍ത്തി ആരംഭിക്കും. കൂടാതെ ജില്ലയില്‍ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വനാവകാശ നിയമങ്ങളുടെ ആനുകൂല്യം ലഭിക്കാനുള്ള നടപടികള്‍ സത്വരമായി നടത്തിവരികയാണ്. ഉപരിപഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് കരിയര്‍ കൗണ്‍സിലിംഗ്, ജോലി സംബന്ധമായ സൗജന്യ പരിശീലനം എന്നിവയും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്ക് പരിശീലനം ജില്ലയില്‍ സംഘടിപ്പിച്ചത്. എല്ലാ കുടുംബങ്ങളേയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും കളക്ടര്‍ പറഞ്ഞു.അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂളില്‍ പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും റാന്നി ഗുഡ്സമരിറ്റന്‍ ട്രസ്റ്റിന്റെയും സ്കൂള്‍ അധ്യാപകരുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.