രണ്ടു വർഷമായി ആഗോള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും ,ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചതിലൂടെ മാതാപിതാക്കൾ നഷ്ടപെട്ട മക്കളെയും,മക്കൾ നഷ്ടപെട്ട മാതാപിതാക്കളെയും,ഭാര്യമാർ നഷ്ടപെട്ട ഭർത്താക്കന്മാരേയും ,ഭർത്താക്കന്മാർ നഷ്ടപെട്ട ഭാര്യമാരെയും ,സഹോദരന്മാർ നഷ്ടപെട്ട സഹോദരിമാരെയും ,സഹോദരിമാർ നഷ്ടപെട്ട സഹോദരന്മാരെയും സൃ ഷ്ടിക്കുകയും ,അനേകരെ നിത്യ രോഗികളാക്കി മാറ്റുകയും ചെയ്ത കോവിഡ് എന്ന മഹാമാരിയുടെ കരാളഹസ്തങ്ങളിൽ നിന്നും സാവകാശം മോചിതരായി എന്നു വിശ്വസിച്ചു മുൻ വർഷങ്ങളെ പോലെത്തന്നെ ഈ വര്‍ഷവും ക്രൈസ്തവ ജനത ഭയഭക്തിപൂര്‍വ്വം ആചരിച്ചുവന്നിരുന്ന അമ്പതു നോയമ്പിന്‍െറ സമാപന ദിനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു.
പീഢാനുഭവ ആഴ്ച (വിശുദ്ധ വാരം) ആരംഭിക്കുന്നതിന്റെ ഭാഗമായി ഹോശാനാ ഞായര്‍ എല്ലാവരും ആഘോഷപൂര്‍വ്വം കൊണ്ടാടി. തലമുറകളായി പ്രതീക്ഷയോടെ കാത്തിരുന്ന യിസ്രയേല്‍ ജനതയുടെ വീണ്ടെടുപ്പുകാരന്, തച്ചനായ ജോസഫിന്റെയും കന്യക മറിയയുടേയും സീമന്തപുത്രന് ജനസഹസ്രങ്ങളുടെ അകമ്പടിയോടും ആരവത്തോടും യെരുശലേം ദേവാലയത്തിലേക്ക് കഴുതക്കുട്ടിയുടെ പുറത്ത് പ്രവേശിച്ചതിന്റ ഓര്‍മ്മ!.തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും, മരത്തില്‍ നിന്നുളള ഇളം കൊമ്പുകള്‍ വെട്ടിയെടുത്ത് വഴിയില്‍ വിതറിയും കുരുത്തോലകള്‍ വീശിയും `ഇസ്രയേലിന്റെ രാജാവായി വരുന്നവന് വാഴ്ത്തപ്പെട്ടവന്‍.അത്യുന്നതങ്ങളില്‍ ഹോശനാ” എന്ന് ആബാലവൃദ്ധം ജനങ്ങള്‍ ആര്‍ത്തട്ടഹസിച്ച് യെരുശലേം ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചപ്പോള്‍ സര്‍വ്വലോക സൃഷ്ടാവും, രാജാധി രാജാവും, യിസ്രയേല്‍ ജനതയുടെ രക്ഷകനുമായി ദൈവത്തിന്റെ പുത്രനായ യേശുവിനെ യഥാര്‍ത്ഥമായി ജനം അംഗീകരിക്കുകയായിരുന്നു.
ആണ്ടുതോറും യെരുശലേം ദേവാലയത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളിലും മോശയുടെ ന്യായപ്രമാണ പ്രകാരമുളള ബലിയര്‍പ്പണത്തിനും പതിവായി എത്തിയിരുന്ന യേശുവിനെ തന്റെ പരസ്യ ശുശ്രുഷ ആരംഭിച്ചതിനു ശേഷം തികച്ചും വ്യത്യസ്ഥ വ്യക്തിയായിട്ടാണ് യെരുശലേം ദേവാലയത്തില്‍ കാണുവാന്‍ കഴിഞ്ഞത്.തന്റെ പിതാവിന്‍െറ വാസസ്ഥലത്തെ (ദേവാലയം) കുറിച്ചുളള എരിവ് യെരുശലേം ദേവാലയത്തില്‍ നിലനിന്നിരുന്ന ദൈവീക പ്പ്രമാണംകൾക്കെതിരെ പ്രതികരിക്കുവാൻ നിർബന്ധിതനാക്കി . വിശ്വാസ സമൂഹം ഭക്ത്യാദരങ്ങളോടെ ബഹുമാനിച്ചരാധിച്ചിരുന്ന മഹാപുരോഹിതന്മാരേയും ശാസ്ത്രിന്മാരേയും പരീശന്മാരേയും നോക്കിക്കൊണ്ട് `എന്‍െറ ആലയം പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും, നിങ്ങളോ അത് കളളന്മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു’ എന്ന് സധൈര്യം പ്രഖ്യാപിച്ചതിനുശേഷം വില്‍ക്കുന്നവരേയും കൊളളുന്നവരേയും എല്ലാം പുറത്താക്കുകയും പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവ് വില്ക്കുന്നവരുടെ പീഠങ്ങളേയും മറിച്ചുകളയുകയും ചെയ്തു. നാളിതുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രവര്‍ത്തികളെ ചോദ്യം ചെയ്തതോടെ യേശുവിനെ ഏതുവിധേനേയും ഒടുക്കികളയുവാന്‍ മഹാപുരോഹിതന്മാരും ശാസ്ത്രിന്മാരും പ്രതിജ്ഞയെടുത്തു.
ആധുനിക സഭകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി യേശുവിന് ദേവാലയങ്ങളെ “കളളന്മാരുടെ ഗുഹ” എന്ന് വിളിക്കാനാകുമോ ?യേശുവിന്റെ പ്രഖ്യാപനം ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ ക്രൈസ്തവ സഭകളുടെ സ്ഥിതിഗതികളുടെ ആകമാന ചിത്രത്തെ കുറിക്കുന്നു എന്ന് അംഗീകരിക്കാതിരിക്കാനാവില്ല .യെരുശലേം ദേവാലയത്തിലെ അവിശ്വസ്തരായ ചില മഹാപുരോഹിതന്മാരുടേയും, ശാസ്ത്രിമാരുടേയും പ്രവര്‍ത്തനങ്ങള്‍ ദേവാലയത്തിനു അപകീര്‍ത്തി വരുത്തി വെച്ചു. അവിടെ തന്നെ ഉണ്ടായിരുന്ന സാധാരണക്കാരായ നിരവധി പുരോഹിതന്മാരും, ഭക്തന്മാരും ശരിയായ വിശ്വാസികളായിരുന്നു. കളളന്മാരുടെ ഗുഹയായി മാറി എന്നറിഞ്ഞിട്ടും ദൈവാലയ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്ക്കുവാന് അവര്‍ തയ്യാറായിരുന്നില്ല.
യോഹന്നാന് സ്നാപകന്റെ മാതാപിതാക്കളായ എലിസബത്തും സഖറിയായും ദൈവ സന്നിധിയില്‍ നീതിയുളളവര്‍’ ആയിരുന്നു. കളളന്മാരുടെ ഗുഹയിലും അവര്‍ വിശ്വസ്തരും നല്ലവരുമായി കഴിഞ്ഞു. ശിമ്യോന്‍ ആത്മനിയോഗത്താല്‍ ദേവാലയത്തില്‍ ചെന്ന് ഈ മനുഷ്യന് നീതിമാനും യിസ്രായേലിന്‍െറ ആശ്വാസത്തിനായി കാത്തിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവും അവന്‍െറ മേല്‍ ഉണ്ടായിരുന്നു. കളളന്മാരുടെ ഗുഹയിലും പരിശുദ്ധാത്മാവിൻറെ പ്രവര്‍ത്തനം ഉണ്ടായിരുന്നു.
കളളന്മാരുടെ ഗുഹയായ ദേവാലയത്തില്‍ പ്രവേശിച്ച ചുങ്കക്കാരന് ദൂരത്തു നിന്നുകൊണ്ട്, സ്വര്‍ഗ്ഗത്തിലേക്ക് നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു. `ദൈവമേ പാപിയായ എന്നോട് കരുണ തോന്നേണമേ’ എന്ന് നിലവിളിക്കുന്നു. അവന് നീതികരിക്കപ്പെട്ടവനായി വീട്ടിലേക്ക് തിരിച്ചു പോയി. കളളന്മാരുടെ ഗുഹയായി അധഃപതിച്ച ദേവാലയത്തിലും രക്ഷ കണ്ടെത്തുവാന്‍ കഴിയുമെന്നതിന് ഇതിലും വലിയൊരു സാക്ഷ്യം ആവശ്യമുണ്ടോ ?
യെരുശലേം ദേവാലയത്തെ പൂര്‍ണ്ണമായും ദൈവം കൈവിട്ടിരുന്നില്ല. അവിടെ ദൈവീകാരാധനയും ദൈവ കല്പിതമായ ബലിയര്‍പ്പണവും നടന്നിരുന്നു. അവിടെ ഒരു കൂട്ടം യഥാര്‍ത്ഥ വിശ്വാസികളും ഉണ്ടായിരുന്നു.നാം കൂടി വരുന്ന സഭകളുടെ സ്ഥിതിയും ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാതെ സഭാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്ക്കുവാനാണ് ചിലരെങ്കിലും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചു യുവതലമുറ. ഇത് ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റുപറ്റി. ഇന്നത്തെ സഭകള്‍ നിലനില്ക്കുന്നതുതന്നെ ഇത്തരത്തിലുളള ചെറിയ വിശ്വാസ സമൂഹത്തിൻറെ നിരന്തരമായ പ്രാര്‍ഥനയുടെ ഫലമാണ്.
സോദോം ഗോമോറ നഗരങ്ങള്‍ നശിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നീതിമാനായ നോഹ ദൈവസന്നിധിയില്‍ നിന്നുകൊണ്ട് ഒരു ചോദ്യം “പത്ത് നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ നീ ഈ നഗരങ്ങളെ നശിപ്പിക്കുമോ”? ഇതിന് ദൈവം നല്കുന്ന മറുപടി തന്നെയാണ് ആധുനിക സഭയുടെ നിലനില്പിൻറെ അടിസ്ഥാന കാരണവും..വിശുദ്ധവാരം ആചരിക്കുന്ന ജനതയുടെ കര്‍ണ്ണപുടങ്ങളില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ക്രിസ്തു മഹാപുരോഹിതന്മാരുടേയും, ശാസ്ത്രിമാരുടേയും നേരെ വിരല്‍ ചൂണ്ടി ദിഗന്തങ്ങള്‍ ഭേദിക്കുമാറ് മുഴക്കിയ സിംഹ ഗര്‍ജ്ജനത്തിന്‍െറ മാറ്റൊലി ഇന്നും അന്തരീക്ഷത്തില്‍ അലയടിക്കുന്നില്ലേ ?. അതിനോടുളള നമ്മുടെ പ്രതികരണം എന്താണ്?. നാം ഉൾപ്പെടുന്ന സഭകളില്‍, സ്ഥാനങ്ങളില്‍ വിശുദ്ധ ജീവിതം നയിക്കുവാന്‍ നമുക്കാകുമോ? എങ്കില്‍ ഈ വിശുദ്ധ വാരം നമ്മുടെ ജീവിതത്തില്‍ അന്വര്‍ത്ഥമാകുക തന്നെ ചെയ്യും.