മന്ത്രിസഭാ വാർഷികം: ജില്ലാതല ആഘോഷത്തിനൊരുങ്ങി കോഴിക്കോട് ബീച്ച്

Spread the love

എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയുടെ സ്റ്റാളുകളുടെ നിർമാണം അന്തിമഘട്ടത്തിൽ.

കോഴിക്കോട്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ച് ഒരുങ്ങിക്കഴിഞ്ഞു. മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി കനോലി കനാലിന്റെ മാതൃകയാണ് തയ്യാറാകുന്നത്. സ്റ്റാളുകളുടെയും കവാടത്തിന്റെയും നിർമാണ പ്രവൃത്തികൾ കോഴിക്കോട് ബീച്ചിൽ അന്തിമഘട്ടത്തിലാണ്.

മേളയുടെ ഭാഗമായി 218 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള 50 തീം സ്റ്റാളുകളുണ്ട്. കൂടാതെ ഉത്പന്നങ്ങളുടെ പ്രദർശന – വിപണനത്തിനായി 155 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 19 മുതൽ 26 വരെയാണ് മെഗാ പ്രദർശന-വിപണന മേള നടക്കുന്നത്. ഏപ്രിൽ 19ന് വൈകീട്ട് നാലു മണിക്ക് മാനാഞ്ചിറ മുതൽ ബീച്ചു വരെ നടക്കുന്ന വിളംബരഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും.ഘോഷയാത്രയിൽ പ്രാദേശിക കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പെടുത്തും. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കും. 19ന് വൈകീട്ട് ആറു മണിക്ക് ബീച്ചിലെ തുറന്ന വേദിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ബീച്ചിലെ ഓപ്പൺ സ്റ്റേജിൽ അനീഷ് മണ്ണാർക്കാടും സംഘവും നാടൻപാട്ട് അവതരിപ്പിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *