കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്താനും, കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമുള്ള കുട്ടികളെ സഹായിക്കാനും, ആസ്റ്റര്‍ വോളണ്ടിയേഴ്‌സുമായി കൈകോര്‍ത്ത് ബോളിവുഡ് നടന്‍ സോനു സൂദ്

Spread the love

ഇന്ന് (ഏപ്രില്‍ 19) ലോക കരള്‍ ദിനം.

കൊച്ചി: വര്‍ദ്ധിച്ചുവരുന്ന കരള്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ പ്രേരിപ്പിക്കുന്നതിനും, ഇന്ത്യയില്‍ കരള്‍ രോഗ കേസുകള്‍ നിയന്ത്രിക്കുന്നതിന് സജീവമായ ശ്രമങ്ങള്‍ നടത്തുവാനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ ഉദ്യമമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സുമായി കൈകോര്‍ത്ത് ബോളിവുഡ് നടനും ജീവകാരുണ്യപ്രവര്‍ത്തകനുമായ സോനു സൂദ്. അനുയോജ്യരായ അവയവ ദാതാക്കളുടെ ലഭ്യതക്കുറവാണ് കരള്‍ രോഗം മൂലമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഈ ഉദ്യമമനുസരിച്ച് കരള്‍ മാറ്റിവെക്കല്‍ ആവശ്യമുള്ള 50 നിര്‍ധനരായ കുട്ടികള്‍ക്ക് ബാംഗ്ലൂരിലെ ആസ്റ്റര്‍ സിഎംഐ, ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റലുകളിലും, കേരളത്തിലെ ആസ്റ്റര്‍ മെഡ്സിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ആവശ്യമായ പരിചരണം നല്‍കും.

കരളിന്റെ ആരോഗ്യം പരിപാലിക്കാനും, അവയവദാനത്തിലൂടെ ജീവന്‍ രക്ഷിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കരള്‍ മാറ്റിവെക്കല്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് സഹായമെത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനും സോനു സൂദ് എല്ലാ പിന്തുണയും നല്‍കും. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 8113078000, 9656000601 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയില്‍, കരള്‍ രോഗം പ്രതിവര്‍ഷം 200,000 ജീവനുകള്‍ അപഹരിക്കുന്നു. അതേസമയം 1500-2000 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് പ്രതിവര്‍ഷം നടത്തുന്നത്. അതില്‍ 10% കുട്ടികള്‍ക്കുള്ളതാണ്. ട്രാന്‍സ്പ്ലാന്റ് കേസുകളുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചിലവ് താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് മരണനിരക്ക് കൂടാനുളള പ്രധാന കാരണങ്ങളിലൊന്ന്. ഇതിനുപുറമെ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ ലഭ്യതക്കുറവും, ട്രാന്‍സ്പ്ലാന്റിനായി സാധ്യമായ അനുയോജ്യരായ ദാതാക്കളുടെ ലഭ്യതക്കുറവും പ്രധാന വെല്ലുവിളികളാണ്.

അവയവം മാറ്റിവെയ്ക്കല്‍ പോലുള്ള ജീവന്‍രക്ഷാ ചികിത്സകള്‍ നല്‍കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ആസ്റ്ററെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ പോലുള്ള ജീവന്‍രക്ഷാ ചികിത്സകള്‍ ചെലവേറിയതും എല്ലാവര്‍ക്കും താങ്ങാനാകാത്തതുമാണ് എന്നത് ദൗര്‍ഭാഗ്യകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ജീവകാരുണ്യ ഉദ്യമങ്ങളില്‍ വളരെ സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന സോനു സൂദുമായി സഹകരിച്ച്, ഈ മഹത്തായ ലക്ഷ്യത്തിനായി ബോധവല്‍ക്കരണം നടത്തുകയും സമാന ചിന്താഗതിക്കാരായ ആളുകളില്‍ നിന്ന് പിന്തുണ തേടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ കാമ്പെയ്നിലൂടെ നിര്‍ധനരായ ജനവിഭാഗത്തില്‍ നിന്നുള്ള 50 കുട്ടികള്‍ക്ക് സൗജന്യവും സബ്സിഡി നിരക്കിലുമുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് നടത്തിയ ചില അസാധാരണ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടതായി നിരാലംബരായ 50 കുട്ടികള്‍ക്ക് കരള്‍ മാറ്റിവെക്കാനുള്ള ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്ന ബോളിവുഡ് നടനും, ജീവകാരുണ്യപ്രവര്‍ത്തകനുമായ സോനു സൂദ് പറഞ്ഞു. ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നതാണ്. അവരുടെ ഈ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ട്. വര്‍ദ്ധിച്ചുവരുന്ന കരള്‍ രോഗങ്ങളും, ദാതാക്കളുടെ ലഭ്യതക്കുറവും മൂലം മരണനിരക്ക് വര്‍ദ്ധിക്കുന്നതും, ട്രാന്‍സ്പ്ലാന്റ് താങ്ങാന്‍ ദരിദ്രര്‍ക്ക് സാധിക്കാത്തതും ഏറെ ആശങ്കാജനകമാണ്. ഇതേക്കുറിച്ച് അവബോധം വളര്‍ത്താനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും സോനു സൂദ് വ്യക്തമാക്കി.

ആസ്റ്റര്‍ ഹോസ്പിറ്റല്‍ പുതുതായി ആരംഭിച്ച മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍, മികച്ച ട്രാന്‍സ്പ്ലാന്റ് അനുഭവം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു മള്‍ട്ടി-ഇന്‍സ്റ്റിറ്റിയൂഷണല്‍ മള്‍ട്ടി ഡിസിപ്ലിനറി സെന്റര്‍ ആണ്. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ തരം അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ ഒരു വിദഗ്ധ സംഘമാണ് ഈ കേന്ദ്രത്തെ നിയന്ത്രിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ പദ്ധതിയും ഈ കേന്ദ്രത്തിലുണ്ട്, ഇത് കുട്ടികളിലെ കരള്‍ രോഗങ്ങളുടെ സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ്. മികച്ച ഹെപ്പറ്റോളജിസ്റ്റുകള്‍ (കരള്‍ രോഗ വിദഗ്ധ ഡോക്ടര്‍മാര്‍), മികച്ച കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍, അനസ്‌തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്‌സിങ്ങ് ടീമും ഈ കേന്ദ്രത്തിലുണ്ട്.
ഈ കേന്ദ്രത്തിലെ ടീമുകള്‍ മികച്ച ആശുപത്രികളില്‍ പരിശീലനം നേടിയവരും വിദേശത്ത് കരള്‍ ചികിത്സയില്‍ വൈദഗ്ധ്യം നേടിയവരുമാണ്. ഹെപ്പറ്റോ-പാന്‍ക്രിയാറ്റോ ബിലിയറിയിലും, അബ്‌ഡോമിനല്‍ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകളിലും വിപുലമായ അനുഭവം ഇവര്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ 500-ലധികം വിജയകരമായ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഈ കേന്ദ്രത്തിലൂടെ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഫോട്ടോ : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ടി.ജെ. വില്‍സണ്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ക്ലസ്റ്റര്‍ ഹെഡും ആസ്റ്റര്‍ മിംസ് സിഇഒയുമായ ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ക്ക് പുറമേ ആസ്റ്റര്‍ ഇന്ത്യയിലെ ലിവര്‍ ടാന്‍സ്പ്ലാന്റ് സര്‍ജന്‍മാരുമൊത്ത് ബോളീവുഡ് നടന്‍ സോനു സൂദ്.

Report : Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *