കൃഷിനാശം; നഷ്ടപരിഹാരത്തിന് അതിവഗ നടപടി

Spread the love

ആലപ്പുഴ: വേനല്‍മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനിക്കുന്നതിനും കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും. നഷ്ട പരിഹാര വിതരണം ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ദുരിതാശ്വാസ നടപടികള്‍ക്കായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

പല പാടശേഖരങ്ങളും വെള്ളം കയറിയ നിലയിലാണ്. താഴ്ന്ന മേഖലകളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് അടിയന്തിരമായി വെള്ളം പമ്പു ചെയ്തു കളഞ്ഞ് കൊയ്ത്ത് നടത്താനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ ഏകോപിക്കും. നെല്ലു സംഭരണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും. ഈര്‍പ്പമുണ്ടെന്ന കാരണം കാട്ടി കിഴിവ് എന്ന പേരില്‍ അളവില്‍ കുറവു വരുത്തി മില്ലുടമകളും ഏജന്റുമാരും കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതികളുണ്ട്. ഇത് അനുവദിക്കാനാവില്ല. സംഭരണ വേളയില്‍ നെല്ല് കൃത്യമായി അളക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ പാഡി ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടനാട്ടിലെ നിരവധി പാടശേഖങ്ങളില്‍ മട വീണിട്ടുണ്ട്. ബണ്ടുകള്‍ പുനര്‍നിര്‍മിക്കാന്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. എല്ലാ പാടശേഖരങ്ങളിലും സുരക്ഷിതമായ പുറംബണ്ട് നിര്‍മിക്കുന്നതും പരിഗണിക്കും. കാര്‍ഷിക കലണ്ടര്‍ പ്രകാരമുള്ള കൃഷി സംവിധാനം കൃത്യമായി നടപ്പാക്കേണ്ടതുണ്ട്. രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തും.

ജില്ലയില്‍ വേനല്‍ മഴ മൂലം ഇതുവരെ 126.53 കോടി രൂപയുടെ കൃഷിനാശനഷ്ടം സംഭവിച്ചതായാണ് കണക്ക്. ആകെ 27,000 ഹെക്ടറിലാണ് ജില്ലയില്‍ നെല്‍ കൃഷി ഇറക്കിയത്. ഇതില്‍ 7527 ഹെക്ടറിലെ കൃഷി നശിച്ചു. 9500 ഹെക്ടറിലെ കൊയ്ത്തു കഴിഞ്ഞു. ശേഷിക്കുന്ന സ്ഥലത്തെ കൊയ്ത്തു കൂടി കഴിഞ്ഞാല്‍ മാത്രമേ നെല്‍കൃഷിക്കുണ്ടായ നാശനഷ്ടത്തിന്റെ അന്തിമ കണക്ക് ലഭ്യമാകൂ.

വിവിധ താലൂക്കുകളിലായി 103 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയ്ക്കുള്ള നഷ്ടപരിഹാരം മഴക്കാലത്തിനു മുന്‍പു തന്നെ വിതരണം ചെയ്യും. ഏറ്റവുമധികം നാശനഷ്ടമുണ്ടായത് കുട്ടനാട് താലൂക്കിലാണ്.

കെ.എസ്.ഇ.ബി.ക്ക് 14 ലക്ഷം രൂപയുടെയും മൃഗ സംരക്ഷണ മേഖലയില്‍ 6.77 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായി. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പല റോഡുകളും വേനല്‍ മഴയില്‍ തകര്‍ന്നു. തോടുകളിലും കനാലുകളിലും അടിഞ്ഞ എക്കല്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ, ജലസേചന വകുപ്പുകളും തൊഴിലുറപ്പ് വിഭാഗവും സംയുക്തമായി നടപടി സ്വീകരിക്കണം. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികള്‍ മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തീകരിക്കണം-മന്ത്രി നിര്‍ദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *