ജില്ലയിലെ കായികമേഖലയെ വിപുലപ്പെടുത്താന്‍ പിന്തുണ നല്‍കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കാസര്‍കോട്: കോളിയടുക്കത്ത് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണ സംവിധാനം നിര്‍മിച്ച ജില്ലയിലെ ആദ്യത്തെ അമേനിറ്റി സെന്റര്‍ തുറമുഖ- മ്യൂസിയം – പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോടിന്റെ കായിക ഭൂപടത്തെ വിപുലീകരിക്കുന്നതിന് എല്ലാവിധ സഹകരണവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
കോളിയടുക്കം സ്റ്റേഡിയത്തിന് സമീപം നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ കായികതാരങ്ങള്‍ക്ക് താമസിച്ച് പരിശീലനം നടത്താം. നാല് ബെഡ് റൂം, രണ്ട് അടുക്കള ഏഴ് ബാത്ത്റൂം , ഡൈനിംഗ് റൂം എന്നിവ സജ്ജീകരിച്ച കെട്ടിടത്തില്‍ 20 പേര്‍ക്ക് താമസിക്കാനാവും. അമ്പത് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.എച്ച്എഎല്‍ ഏവിയോണിക്സ് ഡിവിഷന് അഡിഷണല്‍ ജനറല്‍ മാനേജര്‍ എ.വി മുരളി കൃഷ്ണനില്‍ നിന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹ്മാന് താക്കോല്‍ ഏറ്റുവാങ്ങി. രാജ്മോഹന്‍ ഉണ്ണിത്താന് ചടങ്ങിൽ എംപി മുഖ്യാതിഥിയായി.