കോസ്മോസ് മലബാറിക്കസ് പദ്ധതിക്കും പെയിന്റ് അക്കാഡമികൾക്കും നെതർലൻഡ്‌സുമായി ധാരണ

Spread the love

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു
പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്മോസ് മലബാറിക്കസ് പദ്ധതിക്കും കൊല്ലത്തും മലപ്പുറത്തും പെയിന്റ് അക്കാഡമികൾ സ്ഥാപിക്കുന്നതിനും കേരളവും നെതർലൻഡ്‌സും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇന്ത്യയിലെ നെതർലൻഡ്സ് അംബാസഡർ മാർട്ടൻ വാൻ ഡെൻ ബെർഗിന്റേയും സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും നെതർലൻഡ് നാഷണൽ ആർക്കൈവ്സും ലെയ്ഡൻ സർവകലാശാലയും സംയുക്തമായാണ് കോസ്‌മോസ് മലബാറിക്കസ് പദ്ധതി നടപ്പാക്കുന്നത്. ആറ് വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും.
അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം), കൊല്ലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷൻ, ക്രെഡായ് കേരള, നെതർലൻഡ്സിലെ പ്രമുഖ പെയിന്റ് ആന്റ് കെമിക്കൽ കമ്പനിയുടെ ഇന്ത്യൻ സബ്സിഡിയറിയായ അക്സോ നോബൽ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് പെയിന്റ് അക്കാഡമി സ്ഥാപിക്കുന്നതിനുള്ള ധാരാണാപത്രം ഒപ്പുവച്ചത്. കൊല്ലം ഐ. ഐ. ഐ. സി കാമ്പസിലെ പെയിന്റ് അക്കാഡമിയിൽ കെട്ടിട പെയിന്റിംഗിലും മലപ്പുറം തവനൂരിലെ അസാപ് സ്‌കിൽ പാർക്കിലെ അക്കാഡമിയിൽ വാഹന പെയിന്റിംഗിലുമാണ് പരിശീലനം. ആദ്യ വർഷം 380 പേർക്ക് പരിശീലനം നൽകും.

ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള നമ്മുടെ ചുമതലയാണ് ചരിത്ര സംഭവങ്ങളുടെയും രേഖകളുടെയും പരിപാലനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫ്‌ളോറികൾച്ചർ, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലും ഡച്ച് സഹകരണം പ്രതീക്ഷിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ മികച്ച നിലവാരത്തിലുള്ള പഠന വേദിയാകാനുള്ള ഒരുക്കത്തിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായി മികച്ച ബന്ധമാണ് നെതർലൻഡ്‌സിനുള്ളതെന്ന് അംബാസഡർ മാർട്ടൻ വാൻ ഡെൻ ബെർഗ് പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക ചരിത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കോസ്‌മോസ് മലബാറിക്കസ് സഹായിക്കും. പെയിന്റ് അക്കാഡമി കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോസ്‌മോസ് മലബാറിക്കസിന്റെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലെയ്ഡൻ സർവകലാശായിൽ എം. എ ബിരുദ പഠനത്തിനും നെതർലൻഡ്‌സിലെ വിദ്യാർത്ഥികൾക്ക് കെ. സി. എച്ച്. ആറിൽ കോസ്‌മോസ് മലബാറിക്കസ് പദ്ധതിയുടെ ഭാഗമായി ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.

വിവിധ ധാരണാപത്രങ്ങൾ കേരളത്തിനു വേണ്ടി കെ. സി. എച്ച്. ആർ ഡയറക്ടർ പ്രൊഫ. ജി. അരുണിമ, അസാപ് ചെയർമാനും എം. ഡിയുമായ ഉഷ ടൈറ്റസ്, ക്രെഡായി കേരള പ്രതിനിധി എസ്. എൻ. രഘുചന്ദ്രൻ നായർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷന്റെ ഡോ. ബി. സുനിൽ കുമാർ എന്നിവർ ഒപ്പുവച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *