അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങള്‍ ഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ഫൗണ്ടേഷന്‍ ഉദ്ഘാടനം-അനുസ്മരണം.

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളും ജീവിത മാതൃകയും അല്മായ ശക്തീകരണപ്രവര്‍ത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തോടും സഭയോടും സമൂഹത്തോടും ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായിരുന്ന അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ പുതുതലമുറയ്ക്ക് പ്രചോദനമേകുന്നുവെന്നും ഈ തലങ്ങളില്‍ അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ വളരെ പ്രതീക്ഷകളേകുന്നുവെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൂട്ടിച്ചേര്‍ത്തു.

ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ നടന്ന അനുസ്മരണ ദിവ്യബലിയെ തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ ജോസ് വിതയത്തില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുകമാത്രമല്ല അവിടെയെല്ലാം ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ശ്രമിച്ചുവെന്ന് ബിഷപ് വാണിയക്കിഴക്കേല്‍ അനുസ്മരിച്ചു.

വിതയത്തില്‍ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജേഷ്ഠസഹോദരന്റെ വേര്‍പാടുയര്‍ത്തുന്ന വേദന ഒരുവര്‍ഷം കഴിഞ്ഞിട്ടും മനസ്സില്‍ വിങ്ങലായി നിലനില്‍ക്കുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ താഴ്ചയിലും വളര്‍ച്ചയിലും അദ്ദേഹം നല്‍കിയ ഉറച്ച പിന്തുണ വാക്കുകളില്‍ ഒതുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ് അനുസ്മരണപ്രഭാഷണവും നടത്തി.

ഫാ. പോള്‍ ചുള്ളി, മുന്‍ പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം.പി.ജോസഫ് ഐഎഎസ്, മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ വി.വി.അഗസ്റ്റിന്‍, സീറോ മലബാര്‍ സഭ ലെയ്റ്റി ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി, മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ലിസി ജോസ്, സീറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ് ഡോ. കൊച്ചുറാണി ജോസഫ്, സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ്, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം പ്രസിഡന്റ് അബ്ദുള്‍ അസീസ്, ലിയോണ്‍ വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ആലങ്ങാട് തുടക്കം കുറിക്കും.

ഫോട്ടോ അടിക്കുറിപ്പ് :

ആലങ്ങാട് വിതയത്തില്‍ ഹാളില്‍ നടന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും ഫൗണ്ടേഷന്‍ ഉദ്ഘാടനവും സിബിസിഐ വൈസ്പ്രസിഡന്റ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വ്വഹിക്കുന്നു. അബ്ദുള്‍ അസീസ്, എം.കെ.ബാബു, സുനില്‍ തിരുവള്ളൂര്‍, കെ.വി.പോള്‍, വി.വി.അഗസ്റ്റിന്‍, ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എംഎല്‍എ, എം.പി.ജോസഫ്, ഡോ.കൊച്ചുറാണി ജോസഫ്, ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, ഫാ. പോള്‍ ചുള്ളി, ജസ്റ്റിസ് സിറിയക് ജോസഫ്, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ടോണി ചിറ്റിലപ്പള്ളി, സാബു ജോസഫ് എന്നിവര്‍ സമീപം.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

 

Leave Comment