ഇ.പി.ജയരാജന്‍റെത് കണ്‍വീനര്‍ സ്ഥാനം കിട്ടിയപ്പോഴുണ്ടായ അമിതാവേശം.
തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ ഷബീറിനെ എ.ആര്‍ ക്യാമ്പിലെക്ക് സ്ഥലം മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍.
ഷബീറിന്‍റേത് ക്രൂരമായ മര്‍ദ്ദനമെന്ന് ദൃശ്യങ്ങളില്‍ തന്നെ വ്യക്തമാണ്. ഷബീറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്യണം. പോലീസ് നിയമത്തിന്‍റെയും ഐ.പി.സിയുടെയും ലംഘനമാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ
സമരവുമായി മുന്നിട്ടിറങ്ങും. ഷബീര്‍ ക്രിമിനല്‍ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന് എം.എം ഹസന്‍ ആരോപിച്ചു. സമരക്കാരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുന്നു. അമിത്ഷായുടെ പോലീസ് ബുള്‍ഡോസര്‍ കൊണ്ട് അടിച്ചമര്‍ത്തുമ്പോള്‍ പിണറായിയുടെ പോലീസ് ബൂട്ട് കൊണ്ടാണ്
അടിച്ചമര്‍ത്തുന്നതെന്നും ഹസന്‍ പറഞ്ഞു. അതേസമയം എല്‍.ഡി.എഫ് കണ്‍വീനര്‍ എം.വി ജയരാജന്റെ മുസ്ലിം ലീഗ് പരാമര്‍ശം കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തപ്പോഴുള്ള ആവേശം മാത്രമാണെന്നും ‘ ഉണ്ടു കൊണ്ടിരുന്ന നായര്‍ക്ക് ഉള്‍വിളി’ എന്ന പോലെയാണ് ജയരാജന്റെ കാര്യമെന്നും അവസാനം അത് നിലവിളിയായിയെന്നും എം.എം.ഹസന്‍ പരിഹസിച്ചു.