ലഹരി-മയക്കുമരുന്ന് ഉപയോഗം തടയും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Spread the love

വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം ഇല്ലാതാക്കി വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാനുള്ള ഉണർവ്വ് പദ്ധതിയും കോളേജ് തലത്തിലുള്ള വിദ്യാർത്ഥികളിലെ ലഹരി ഉപയോഗ സാധ്യതകൾ ഇല്ലാതാക്കാനുള്ള നേർക്കൂട്ടം കമ്മറ്റിയും കോളേജ് ഹോസ്റ്റലുകളിൽ രൂപീകരിച്ച ശ്രദ്ധ കമ്മിറ്റിയും ജനപങ്കാളിത്തത്തോടെ മയക്കുമരുന്ന് ഉപയോഗത്തെ പ്രതിരോധിക്കാൻ രൂപീകരിച്ച വാർഡ് തല വിമുക്തി ജാഗ്രതാ സമിതികളും സജീവമാക്കി സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം തടയുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഉണർവ്വ് പദ്ധതിയിലൂടെ സ്‌കൂളുകളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധ മറ്റ് സംഗതികളിലേക്ക് പോകാതെ ശ്രദ്ധിക്കും. അവരുടെ

കായിക-കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയിലൂടെ പ്രധാനമായും ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കായിക പരിശീലനത്തിനുള്ള ആധുനിക സംവിധാനങ്ങളോടുകൂടി കളിക്കളങ്ങളും മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും സ്പോർട്സ് ഉപകരണങ്ങളും മറ്റ് അനുബന്ധ പരിശീലന സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
കോളേജ് ക്യാമ്പസുകളിൽ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലാണ് നേർക്കൂട്ടം കമ്മറ്റികൾ രൂപീകരിച്ചിട്ടുള്ളത്. കോളേജ് ഹോസ്റ്റലുകളിൽ ശ്രദ്ധ എന്ന പേരിലുള്ള കമ്മിറ്റികളും യാഥാർത്ഥ്യമായിട്ടുണ്ട്. അധ്യാപകരെ കൂടാതെ രക്ഷാകർത്താക്കളും വിദ്യാർത്ഥികളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും ശ്രദ്ധ കമ്മിറ്റിയിൽ അംഗങ്ങളാണ്. ഈ കമ്മിറ്റികൾ വിദ്യാർത്ഥികളെ നിരീക്ഷിക്കുകയും ലഹരി ഉപയോഗം ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വിമുക്തി മിഷൻ സെന്റുകളിൽ ചികിത്സയോ, കൗൺസിലിംഗോ ലഭ്യമാക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് തലം മുതൽ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി, ആശാപ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി വിമുക്തി ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നുണ്ട്. 19498 വാർഡുകളിൽ ഇതിനകം വിമുക്തി ജാഗ്രതാ സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള വാർഡുകളിലും ജാഗ്രതയുടെ കണ്ണുകളുമായി സമിതികൾ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, റസിഡൻസ് അസോസിയേഷനുകൾ, എൻ എസ് എസ്, കുടുംബശ്രീ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ലഹരിവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *