സാംക്രമികേതര രോഗങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ – സ്വകാര്യ മേഖലകളുടെ സംയുക്ത ഇടപെടല്‍ ആവശ്യം: ഗവര്‍ണര്‍

Spread the love

സാംക്രമികേതര രോഗങ്ങള്‍ ഫലപ്രദമായി കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ – സ്വകാര്യമേഖലകളുടെ പങ്കാളിത്തം വളരെ ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദേശീയ വിഭവ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) ഇന്‍ഡ്യയുമായി സഹകരിച്ചാണ് ദേശീയ വിഭവ കേന്ദ്രം ആരംഭിച്ചത്. കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ സേവനപരമായി സമൂഹത്തില്‍ നിലകൊണ്ട പാരമ്പര്യമാണ് ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിക്കുള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇവിടെ 30,000 ആളുകള്‍കള്‍ക്കാണ് കോവിഡ് മഹാമാരിയുടെ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ പന്ത്രണ്ട് വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് ദേശീയ വിഭവ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 25 ശതമാനമെങ്കിലും സാംക്രമികേതര രോഗങ്ങളാലുള്ള മരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കണമെന്ന് ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. ആവശ്യമായ കായിക പരിശീലനം നല്‍കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം പഠിപ്പിക്കുകയും ചെയ്യുന്നു. സാംക്രമികേതര രോഗങ്ങള്‍ വരുന്നതിന് പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, മദ്യപാനം എന്നിവയാണ് മുഖ്യകാരണങ്ങളായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്ന ഘടകങ്ങള്‍.

പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയും ലോകാരോഗ്യ സംഘടനയും പ്രതിപാദിച്ചിരിക്കുന്ന സൂചകങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസൃതമായാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയായ ഡോ. റോഡ്‌റിക്കോ. എച്ച്. ഒഫ്രിന്‍ വീഡിയോ സന്ദേശം നല്‍കി. ചടങ്ങില്‍ പകര്‍ച്ചേതര രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫ. ഡോ. ജെ.എസ്. താക്കൂര്‍, പ്രൊഫ. ഡോ. അതുല്‍ അംബേക്കര്‍, ഡോ. ബിപിന്‍. കെ. ഗോപാല്‍, ഡോ. എ.എസ്. പ്രദീപ് കുമാര്‍ എന്നീ പോരാളികള്‍ക്ക് ചടങ്ങില്‍ ഗവര്‍ണര്‍ ഫലകങ്ങള്‍ നല്‍കി ആദരിച്ചു.
ആരോഗ്യ മേഖലയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചു കൊണ്ടിരിക്കുന്നതെന്നും ഈ സംരംഭം നാടിന് മുതല്‍ക്കൂട്ട് ആവട്ടെയെന്നും അഡ്വ. മാത്യു. റ്റി. തോമസ് എംഎല്‍എ പറഞ്ഞു. എല്ലാവിധ കൈത്താങ്ങും ഈ ഉദ്യമത്തിന് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍ പറഞ്ഞു.ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു.
യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ മെത്രാപ്പോലീത്ത ട്രസ്റ്റിയായ ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാനേജര്‍ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി, ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്‍ഡ്യയുടെ ഡയറക്ടറും എന്‍ആര്‍സി എന്‍സിഡിയുടെ ബിലീവേഴ്‌സ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ജോണ്‍സണ്‍. ജെ ഇടയാറന്മുള, കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജരുമായ റവ. ഫാ. സിജോ പന്തപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *