പത്തനംതിട്ട വ്യവസായ സാധ്യത ഏറെയുള്ള ജില്ല : മന്ത്രി പി. രാജീവ്

Spread the love

വ്യവസായത്തിന് ഏറെ സാധ്യതയുള്ള ജില്ലയാണ് പത്തനംതിട്ടയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരും വിവിധ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നവരുമായി പത്തനംതിട്ടയില്‍ നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വ്യവസായം വളര്‍ത്തുവാന്‍ ജനങ്ങള്‍ തന്നെ നേരിട്ടിറങ്ങണം. അവയ്ക്കുള്ള സാങ്കേതികപരമായ വളര്‍ച്ച കേരളത്തിനുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി നടത്തുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ഇതിനോടകം 11 ജില്ലകളില്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ പരിപാടി പന്ത്രണ്ടാമത്തേതാണ്.

നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസങ്ങളും സംരംഭകര്‍ക്ക് ശ്രദ്ധയില്‍പെടുത്താം. അത്തരം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പെട്ടെന്ന് പരിഹരിക്കുന്നതാണ്. ഇതുവരെ ലഭിച്ച 1450 പരാതികളില്‍ 1060 പരാതികളും ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. കേരളത്തിലെ നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വ്യവസായ വകുപ്പ് കൂടെയുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം വലിയ കുതിപ്പാണ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, കിന്‍ഫ്രാ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *