സിൽവർ ലൈനിനെ അറിയാം; പദ്ധതി വിശദമാക്കി പാനൽ ചർച്ച

Spread the love

സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന പേരിൽ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(കെ-റെയിൽ) പാനൽ ചർച്ച സംഘടിപ്പിച്ചു. പദ്ധതിയുടെ സാമ്പത്തിക – സാങ്കേതിക – പ്രായോഗിക വശങ്ങൾ പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു.
റോഡ് വികസനംകൊണ്ടു മാത്രം കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമുണ്ടാക്കാനാകില്ലെന്നു ചർച്ചയിൽ പങ്കെടുത്ത കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് പറഞ്ഞു. സാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന മാറ്റം ഗതാഗത മേഖലയിലും സംഭവിക്കണം.സംസ്ഥാനത്തെ പ്രധാന പാതകളിൽ ഇന്നു ഗതാഗതത്തിന്റെ ശരാശരി വേഗം മണിക്കൂറിൽ 30 – 40 കിലോമീറ്ററാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 80 – 90 കിലോമീറ്ററാണ്. റെയിൽ ഗതാഗതവേഗം കേരളത്തിൽ 60 കിലോമീറ്ററിനു താഴെ നിൽക്കുന്നു. ഈ സാഹചര്യത്തിനു മാറ്റമുണ്ടാകണമെങ്കിൽ സിൽവർ ലൈൻ പോലുള്ള പുതിയ പദ്ധതികൾ യാഥാർഥ്യമാകണം. അതിവേഗയാത്രയ്ക്കായി തെക്ക് – വടക്ക് വേഗറെയിലും അതിനോടു ബന്ധിപ്പിച്ചു കിഴക്ക് – പടിഞ്ഞാറ് ദിശയിൽ വിപുലമായ റോഡ് ഗതാഗത സംവിധാനവുമാണു കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സിൽവർ ലൈൻ പദ്ധതിക്കു കഴിയുമെന്നു ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. വികസന പദ്ധതികളെ കണ്ണുമടച്ച് എതിർക്കുന്ന പ്രവണതയ്ക്കു മാറ്റം വരണം. സംശയത്തോടെ മാത്രം വികസനത്തെ കാണുന്ന ശീലം ഉപേക്ഷിക്കണം. കേരളത്തിൽ പ്രധാന വികസന പദ്ധതികൾ വന്നപ്പോഴെല്ലാം തുടക്കത്തിൽ വലിയ എതിർപ്പുണ്ടായിട്ടുണ്ട്.സിയാൽ, വിഴിഞ്ഞം പോർട്ട്, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയവയുടെ തുടക്കത്തിൽ വൻ എതിർപ്പാണുണ്ടായത്. എന്നാൽ ഈ പദ്ധതികളുടെ ഇന്നത്തെ സ്വീകാര്യത എത്ര വലുതാണ്. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ചിന്താഗതിക്കു മാറ്റം വരണം. സിൽവർ ലൈൻ പദ്ധതി വിവിധ ഘട്ടങ്ങളായി നടപ്പാക്കിയാൽ ജനങ്ങൾക്ക് ഇതിനോടുള്ള താത്പര്യം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കണം. വിശാലമായ പാർക്കിങ് സൗകര്യം എല്ലായിടത്തുമുണ്ടാക്കണം. രാജ്യം മുന്നോട്ടുവയ്ക്കുന്ന ഡയമണ്ട് ക്വാഡ്രലാററ്റൽ പദ്ധതിയിൽ സിൽവർ ലൈൻ ഭാഗമാകണ ആശയവും അദ്ദേഹം മുന്നോട്ടുവച്ചു.

റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനത്തെ നിലവിലെ റെയിൽപ്പാത വികസനമാണു നടപ്പാക്കേണ്ടതെന്നായിരുന്നു കണ്ണൂർ ഗവൺമെന്റ് കോളജ് ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ഡോ. ആർ.വി.ജി. മേനോന്റെ അഭിപ്രായം. ഇപ്പോൾ നടക്കുന്ന പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി മൂന്നാമത്തെ പാത നടപ്പാക്കണം. റോഡ്, റെയിൽവേ വികസനങ്ങൾക്കു തടസം നിൽക്കുന്നതു നാട്ടുകാരല്ല. ഇച്ഛാശക്തിയോടെ നടപ്പാക്കാൻ കഴിയാത്തതാണു പ്രശ്നം. റെയിൽവേ ലൈനിലുള്ള 626 വളവുകൾ നിവർത്തണം.അത്യാധുനിക സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തണം. കൂടുതൽ ട്രെയിനുകൾ ഓടിക്കണം. റെയിൽവേ വികസനത്തിനു പണം കണ്ടെത്തുന്നതിനു വിദേശ വായ്പ ലഭ്യമായില്ലെങ്കിൽ കിഫ്ബിയിൽനിന്നു പണം കണ്ടെത്തണം. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ബ്രോഡ് ഗേജിലാണ് ഇവ ഓടുന്നത്. അതിന്റെ സാങ്കേതിക ഘടകങ്ങൾ ഇന്ത്യയിലാണു നിർമിക്കുന്നത്. എന്നാൽ, സിൽവർ ലൈൻ പദ്ധതിയിൽ സ്റ്റാൻഡേർഡ് ഗേജാണു വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടത്തുന്ന ചർച്ച മൂന്നു നാലു വർഷം മുൻപു നടത്തേണ്ടിയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഗേജ് പ്രശ്നം പദ്ധതിയുടെ വിജയകരമായ മുന്നോട്ടുപോക്കിനെ ബാധിക്കില്ലെന്നു റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് കുമാർ ജെയിൻ പറഞ്ഞു. സ്വകാര്യ – പൊതുമേഖലാ പങ്കാളിത്തത്തോടെ രാജ്യത്തു നടപ്പാക്കുന്ന അതിവേഗ, അർധ അതിവേഗ പാതകൾക്ക് സ്റ്റാൻഡേർഡ് ഗേജാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചരക്കുഗതാഗതത്തിനു പ്രാധാന്യം നൽകുന്നതു മുൻനിർത്തിയാണ് ഇന്ത്യൻ റെയിൽവേ ബ്രോഡ്ഗേജിനു മുൻതൂക്കം നൽകുന്നത്. ചരക്കു ഗതാഗതത്തിനു ബ്രോഡ്ഗേജും യാത്രയ്ക്കു സ്റ്റാൻഡേർഡ് ഗേജുമെന്നാണു റെയിൽവേ നയമായി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ മെട്രോ റെയിൽവേകൾ സ്റ്റാൻഡേർഡ് ഗേജിലാണ്. അഹമ്മദാബാദ് – രാജ്കോട്ട് അതിവേഗ പാത സ്റ്റാൻഡേർഡ് ഗേജിലാണ്.ഗേജ് വ്യത്യാസമുള്ളതിനാൽ സിൽവർ ലൈനിനെ ഇന്ത്യൻ റെയിൽവേയുമായി കണക്റ്റ് ചെയ്യാനാകില്ലെന്ന വാദം, ഒരേയിടത്തുതന്നെ പാസഞ്ചർ ഇന്റർചേഞ്ച് സംവിധാനം നടപ്പാക്കുന്നതുവഴി മറികടക്കാം. മെട്രോ ട്രെയിനുകളിലെത്തുന്ന യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിലേക്കുള്ള കണക്റ്റിവിറ്റി ഇങ്ങനെയാണു സാധ്യമാക്കിയിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് ഭാവിയിൽ നാഷണൽ ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ ഭാഗമായി മാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിലെ മുൻ സീനിയർ പ്രൊഫസർ മോഹൻ എ. മേനോനായിരുന്നു താജ് വിവാന്ത ഹോട്ടലിൽ നടന്ന പരിപാടിയുടെ മോഡറേറ്റർ.

Author

Leave a Reply

Your email address will not be published. Required fields are marked *