മിനിമം വേതന വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്തു

Spread the love

തൊഴിൽ വകുപ്പ് 2019 മുതൽ 2021 വരെ മിനിമം വേതനം പുതുക്കി വിജ്ഞാപനം ചെയ്തിട്ടുള്ള 29 മേഖലകളിലെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കൈപ്പുസ്തകം തൊഴിലും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി പുസ്തകം ഏറ്റുവാങ്ങി.
മിനിമം വേതന നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ തൊഴിൽ മേഖലകളിലേയും മിനിമം വേതന വിജ്ഞാപനങ്ങൾ കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് പുതുക്കി വിജ്ഞാപനം ചെയ്യുന്നതിനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നുണ്ടന്ന് മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനും സാമൂഹ്യ പുരോഗതി ആർജ്ജിക്കുന്നതിനും ആവശ്യമായ വേതനം കാലാകാലങ്ങളിൽ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ പുരോഗമന സർക്കാരുകളുടെയും ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിലും കേരളം രാജ്യത്തിന് മാത്യകയാണ്.
സംസ്ഥാനത്തു വിവിധ തൊഴിൽ മേഖലകളെ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം ഉറപ്പുവരുത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിലൂടെ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പിക്കുവാനും, തുച്ഛമായ കൂലിക്ക് ജോലി ചെയ്യിക്കുന്ന ചുഷണം അവസാനിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്. മുൻ സർക്കാരും 26 തൊഴിൽ മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിച്ചത് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ തുർച്ചയാണ് ഈ പുസ്തകമെന്നു മന്ത്രി പറഞ്ഞു. ചടങ്ങിൽ ലേബർ കമ്മീഷണർ ഡോ. എസ്. ചിത്ര, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *