കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം

Spread the love

മെയ് 10 നകം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന്‍.

അടുത്തമാസം പത്തിനകം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ തീരുമാനം. വാക്സിന്റെ ആദ്യ ഡോസെങ്കിലും മുഴുവന്‍ കുട്ടികളിലും എത്തിക്കുകയാണു ലക്ഷ്യം. ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഓണ്‍ലൈനായി നടന്ന കോവിഡ് അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

ഇനിയും വാക്സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ അതാത് സ്‌കൂള്‍ അധികൃതര്‍ ശേഖരിക്കുകയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കുകയും വേണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരിക്കും ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ക്യാമ്പ് നടക്കുന്ന തീയതിയും കേന്ദ്രവും സ്‌കൂള്‍ അധികൃതകര്‍ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും അറിയിക്കും. കുട്ടികള്‍ക്കു രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ക്യാമ്പുകളില്‍ എത്തി വാക്സിന്‍ സ്വീകരിക്കാം. മെയ് പത്തുവരെ ആദ്യഘട്ട ക്യാമ്പുകള്‍ തുടരും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ കുട്ടികളിലും വാക്സിന്‍ എത്തിക്കുകയാണു ലക്ഷ്യം.

ജില്ലയില്‍ ഇതുവരെ 18 വയസിനുമുകളില്‍ പ്രായമുള്ളവരില്‍ 98 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ളവരില്‍ 79 ശതമാനം പേര്‍ ഒന്നാം ഡോസും, 53 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായപരിധിയുള്ളവരില്‍ 11 ശതമാനം പേര്‍ ഒന്നാം ഡോസും 0.11 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.വി.ജയശ്രീ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍, വാസ്‌കിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.എം.ജി ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *