ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി നല്‍കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Spread the love

ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പത്തനംതിട്ട നാരങ്ങാനം 22-ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷയം, കുഷ്ഠം ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികളെ 2025 ഓടു കൂടി സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കും.

ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥനത്താണ് കേരളം. മാതൃമരണനിരക്കും, ശിശു മരണനിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ഇത്തരത്തില്‍ പൊതുജനാരോഗ്യ രംഗത്ത് വികസന മുന്നേറ്റമുണ്ടായതിനു കാരണം പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ പ്രവര്‍ത്തനമാണ്. എന്നാല്‍, ജീവിത ശൈലീ രോഗത്തിലും കേരളം ഒന്നാമതാണ്. വിവിധ അനുബന്ധ രോഗങ്ങള്‍ക്കു കാരണം ജീവിത ശൈലീ രോഗങ്ങളാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് അതിനായി ഓരോ വ്യക്തികളും ചെയ്യേണ്ടത്. ഇതിനായി ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 15 ശതമാനം കുഷ്ഠരോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യം.

കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ബാലമിത്ര എന്ന പേരില്‍ അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ആരംഭിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തിന് 1.2ല്‍ നിന്ന് 0.6ന് താഴെയായി കുറച്ചുകൊണ്ടു വരേണ്ടതുണ്ട്. കൂടാതെ കുഷ്ഠരോഗം മൂലം കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നവരുടെ എണ്ണം പൂജ്യം ആയി നിലനിര്‍ത്തേണ്ടതുമുണ്ട്. ഈയൊരു ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് ബാലമിത്ര ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിച്ച് വിവിധ ഔഷധ ചികില്‍സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം കുട്ടികള്‍ക്ക് വൈകല്യം സംഭവിക്കുന്നത് തടയുക എന്നിവയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.ആര്‍. രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍(പൊതുജനാരോഗ്യം) കെ.ആര്‍. വിദ്യ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ വി. മീനാക്ഷി, വി.അനില്‍, വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സോഫി ജേക്കബ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. അജയ്, ഡെപ്യൂട്ടി ഡി എം ഒ ഡോ.രചന ചിദംബരം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു, നാരങ്ങാനം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബിദാബായി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്‍. അനീഷാ, ഗ്രാമ പഞ്ചായത്ത് അംഗം റെസിയാ സണ്ണി, വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ആര്‍. നിഷ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *