ന്യുയോർക്കിലെ സംഘടനകൾ ഒറ്റക്കെട്ടായി ലീലാ മാരേട്ട് ടീമിന് പിന്നിൽ

Spread the love

ന്യു യോർക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ടിനും ടീമിനും പിന്നിൽ ഒറ്റക്കെട്ടായി ന്യു യോർക്കിലെ സംഘടനകൾ രംഗത്ത്. ദശകങ്ങളായി ഫൊക്കാനയിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ലീലാ മാരേട്ട് എതിരില്ലാതെ വിജയിക്കാൻ അർഹയാണെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സംഘടനകളിൽ പ്രവർത്തിക്കാൻ വനിതകൾ വരുന്നില്ലെന്ന് പരിഭവം പറയുന്നവർ തന്നെ കർമ്മരംഗത്തേക്കു വരുന്ന വനിതകളുടെ മുന്നിൽ തടസങ്ങൾ സൃഷ്ടിക്കുന്നത് ശരിയല്ല. മൂന്ന് ദാശാബ്ധത്തിൽ ഏറെയായി വിവിധ സംഘടനകളിൽ പ്രവർത്തിച്ച പരിചയ സമ്പത്തുള്ള നേതാവാണ് ലീലാ മാരേട്ട്. മുൻപ് രണ്ടവസരങ്ങളിൽ നേരിയ വ്യത്യാസത്തിനാണ് അവർക്ക് പ്രസിഡൻറ്പദം നഷ്ടമായത്. ഇത്തവണ അതുണ്ടാവരുത്. 45 അംഗങ്ങളുള്ള ശക്തമായ ഒരു ടീമുമായാണ് അവർ രംഗത്തു വന്നിരിക്കുന്നത്. അവരുടെ ജനപിന്തുണ തെളിയിക്കുന്നതാണിത്.

ജനറൽ സെക്രട്ടറിയായി കലാ ഷാഹിയും രംഗത്തു വന്ന സാഹചര്യത്തിൽ സംഘടനയിൽ വനിതാ നേതൃത്വം കൊണ്ടുവരാനുള്ള സുവർണാവസരമാണിത്. അത് നഷ്ടമാകരുതെന്ന് സംഘടനാ പ്രസിഡന്റുമാരായ ജെമിനി തോമസ് (സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ), ലാലു മാത്യു (കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്) റിനോജ്‌ കോരത് (കേരള കൾച്ചറൽ അസോസിയേഷൻ) ബോബൻ തോട്ടം (ലിംക), പോൽ പി. ജോസ് (കേരള സമാജം ഓഫ് ഗ്രെറ്റർ ന്യു യോർക്ക്), മാത്യു തോമസ് (ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്), ലാജി തോമസ് (ന്യു യോർക്ക് മലയാളി അസോസിയേഷൻ-നൈമ) എന്നിവർ അഭ്യർത്ഥിച്ചു.

ഭൂരിപക്ഷം നേതാക്കളുടെയും മിക്കവാറുമുള്ള എല്ലാ അംഗസംഘടനകളുടെയും പിന്തുണ മുൻകൂട്ടി നേടിയ ശേഷമാണ് ലീല തന്റെ സ്ഥാർത്ഥിത്വം പ്രഖ്യാപിക്കുന്നത്.

ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷന്റെ നാഷണൽ കോർഡിനേറ്റർ കൂടിയായ ലീല മാരേട്ട് ഫൊക്കാനയുടെ കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള വനിതാ നേതാവാണ്.

തെരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാനയുടെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയുടെ പ്രസിഡണ്ട് ആകുന്ന രണ്ടാമത്തെ വനിതയാകും ലീല.

14 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് സ്ഥാനം ലീലയെ തേടിയെത്തിയതാണ്. അന്നു മത്സരിക്കുവാന്‍ തയാറല്ലായിരുന്ന അവർ ഇപ്പോള്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച് ലഭിച്ചതിലെ അനുഭവജ്ഞാനം ഉള്‍ക്കൊണ്ടു വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.

1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. 2004-ല്‍ വാശിയേറിയ ഇലക്ഷനില്‍ കൂടിയാണ് ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നും കണ്‍വന്‍ഷന് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നല്ല പങ്കുവഹിച്ചു. 2006-ല്‍ തമ്പി ചാക്കോ പാനലില്‍ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റായി.

വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കാഴ്ചവെച്ചു. നിര്‍ധനരായവര്‍ക്ക് നാട്ടില്‍ പത്തു വീടുകള്‍ നിര്‍മ്മിച്ചു. ഇന്‍ഡിപെന്‍ഡന്റ്സ് ഡേ പരേഡില്‍ ഫൊക്കാനയുടെ പ്രൗഢി നിലനിര്‍ത്തുവാന്‍ രണ്ടു പ്രാവശ്യം ഫ്ളോട്ടുകള്‍ ഇറക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുവാന്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തി. വനിതകള്‍ക്കുവേണ്ടി സൗന്ദര്യമത്സരം അരങ്ങേറി.

2008-ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോര്‍ഡിനേറ്ററായിരുന്നു. പരസ്യ വരുമാനം കൊണ്ട് കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടന്നു. തൊട്ടടുത്ത ടുത്ത ആല്‍ബനി കണ്‍വന്‍ഷനില്‍ ട്രഷററായിരുന്നു. ആ വര്‍ഷവും കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിച്ചു.

വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും വിമന്‍സ് ഫോറം സംഘടിപ്പിച്ചു. സെമിനാറുകള്‍, വിവിധ കലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരങ്ങള്‍, അവയവദാന രജിസ്ട്രി എന്നിവ സംഘടിപ്പിച്ചു.

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്ന അവർ ഇപ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റുമാണ്

രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴ സെന്റ് ജോസഫസ് കോളേജിൽ അധ്യാപിക ആയിരുന്നു. അമേരിക്കയിൽ എത്തിയ ശേഷം ബ്രോങ്ക്സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നും വിരമിച്ചു.

രാഷ്ട്രീയ- സാമുദായിക- സംഘടനാ രംഗത്ത് നേതൃത്വവും സജീവ സാന്നിധ്യവും അറിയിച്ച നേതാവാണ് ലീല. കേരള സമാജം പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ എന്നീ നിലകളില്‍ ആദ്യകാലത്തു. പ്രവര്‍ത്തിച്ചു. കൂടാതെ, ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിറ്റി യൂണിയന്റെ ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി, വുമണ്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി കോചെയര്‍, ഡെലിഗേറ്റ്, ട്രഷറര്‍, കോ ചെയര്‍ ഓഫ് ഡിസി 37 ഏഷ്യന്‍ ഹെറിറ്റേജ്, ഏഷ്യന്‍ പസഫിക് ലേബര്‍ അലൈന്‍സ് എക്സിക്യൂട്ടീവ് മെമ്പര്‍, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്, ന്യൂ അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ ബോര്‍ഡ് മെമ്പര്‍ തുടങ്ങി ഒട്ടനവധി കർമ്മമേഖലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *