കാലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) -ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഉത്സവ് സീസന്‍ -3’ എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം അവസാനഘട്ടങ്ങളിലേക്ക്. രണ്ട് റൗണ്ടുകളിലായി വിധി നിര്‍ണയിക്കുന്ന ഈ പരിപാടിയുടെ പ്രദര്‍ശനവും, മികച്ച 10 പേരുടെ പ്രഖ്യാപനവും ഏപ്രില്‍ 16 (സബ് ജൂണിയര്‍), ഏപ്രില്‍ 23 (ജൂണിയര്‍), ഏപ്രില്‍ 30 (സീനിയര്‍), മെയ് 1 (അഡള്‍ട്ട്) എന്നീ തീയതികളിലായി നടത്തുന്നു.
പരിപാടിയുടെ വിജയികളെ ഗ്രാന്റ് ഫൈനല്‍ ദിനമായ മെയ് 15-ന് പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ ഈ മത്സരത്തില്‍ ഭരതനാട്യ രംഗത്തെ പ്രഗത്ഭരായ ഗുരുക്കള്‍ വിധികര്‍ത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു.
മേലത്തൂര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, നാല്‍പ്പത്തേഴ് വര്‍ഷത്തിലേറെയായി ഭരതനാട്യ രംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജ ചന്ദ്രന്‍ എന്നിവരാണ് ഫൈനല്‍ റൗണ്ട് വിധിനിര്‍ണ്ണയിക്കുന്നത്.
മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഭരതനാട്യത്തില്‍ പ്രാവീണ്യം തെളിയിച്ച ഡോ. രാജശ്രീ വാര്യര്‍ നടത്തുന്ന ഭരതനാട്യം ശില്പശാലയില്‍ പങ്കെടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
ഭവ്യ സുജയ്, ബിനി മുകുന്ദന്‍, പത്മ പ്രവീണ്‍, സംഗീത ഇന്ദിര, സെല്‍വ സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉത്സവ് സീസണ്‍ -3യിലെ മത്സരങ്ങളും ഗ്രാന്റ് ഫൈനലും കാണുവാനായി ഏവരേയും ക്ഷണിക്കുന്നതായി സര്‍ഗം പ്രസിഡന്റ് മൃദുല്‍ സദാനന്ദന്‍ ന്യൂസ് മീഡിയയെ അറിയിച്ചു. രാജ്യാന്തര തലത്തില്‍ രണ്ടാംവര്‍ഷവും ഒരു നൃത്തപരിപാടി സംഘടിപ്പിക്കാനായത് വലിയ നേട്ടമായി കരുതുന്നതായി സെക്രട്ടറി വില്‍സണ്‍ നെച്ചിക്കാട്ട് പറഞ്ഞു. ഈ പരിപാടികള്‍ വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് സര്‍ഗം ചെയര്‍മാന്‍ രാജന്‍ ജോര്‍ജിനോടൊപ്പം, വൈസ് പ്രസിഡന്റ് സിറിള്‍ ജോണ്‍, ട്രഷറര്‍ സംഗീത ഇന്ദിര, ജോയിന്റ് സെക്രട്ടറി രമേശ് ഇല്ലിക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഈ പരിപാടിയുടെ തത്സമയ സംപ്രേഷണം കാണുവാനായി സന്ദര്‍ശിക്കുക: live.sargam.us കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.sargam.us/utsav