തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് പരിഹാരം: സഹജ കോള്‍ സെന്റർ

മികവോടെ മുന്നോട്ട്: 82
പരാതികള്‍ തൊഴില്‍ വകുപ്പിന് കൈമാറും* ടോൾ ഫ്രീ : 180042555215
തൊഴിലാളികള്‍ക്ക് പരിഗണന നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുകയും ചെയ്യുന്ന സംസ്ഥാനമാണ്‌ കേരളം. അത്തരത്തില്‍ കേരളത്തിലെ സ്ത്രീ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍, വിവേചനം, തൊഴിലാളികള്‍ക്കുളള ഇരിപ്പിട സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കല്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ തൊഴില്‍ വകുപ്പിനെ അറിയിക്കുന്നതിനായി പ്രവർത്തിക്കുന്ന സംവിധാനമാണ് സഹജ കോള്‍ സെന്റര്‍. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. തൊഴിലിടങ്ങള്‍ വനിത സൗഹൃദമാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് കോള്‍ സെന്റര്‍ തുടങ്ങിയത്.
സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലെ ഏത് പ്രശ്നവും വനിത കോള്‍ സെന്റര്‍ എക്സിക്യുട്ടീവിനെ 180042555215 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. നമ്പറില്‍ ബന്ധപ്പെടുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കോള്‍ സെന്ററിൽ നിന്ന് നല്‍കും. കൂടാതെ പരാതിയുടെ ആഴം അനുസരിച്ച് ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ മെസേജായി പരാതി നല്‍കിയ ആൾക്ക് ലഭിക്കും. ഐഡന്റിറ്റി വെളിവാക്കാതെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനം തൊഴില്‍ വകുപ്പ് നടപ്പാക്കുന്നുണ്ട്.
തൊഴിലിടങ്ങളിലെ പരാതികളുമായി ബന്ധപ്പെട്ട് ഇതുവരെ വന്ന കോളുകളില്‍ നാല് പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം രണ്ട്, എറണാകുളം രണ്ട്. നാല് പരാതികളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും അതില്‍ നടപടികള്‍ എടുക്കുകയും ചെയ്തു. സഹജ കോള്‍ സെന്ററില്‍ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും അവയ്ക്കുളള നിയമസാധ്യതകളും അന്വേഷിച്ചു കൊണ്ടുള്ള കോളുകളാണ് ഇപ്പോൾ കൂടുതലും വരുന്നത്. അവ കൃത്യമായി പറഞ്ഞുമനസിലാക്കിയാണ് ഓരോ കോളുകളും അവസാനിക്കുന്നത്. സ്ത്രീ തൊഴിലാളികള്‍ക്ക് നേരിട്ട് വിളിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവരുടെ ഭര്‍ത്താക്കന്‍മാര്‍ അന്വേഷണങ്ങള്‍ക്കായി സഹജയില്‍ വിളിച്ചിട്ടുണ്ട്. തൊഴില്‍ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലെ പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാനുള്ള സംവിധാനവും സഹജകോള്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

Leave Comment