റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി കേരള ഗവര്‍ണ്ണര്‍ക്ക് കത്തുനല്‍കി.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമെ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളൂയെന്നിരിക്കെ വളഞ്ഞവഴിയിലൂടെ ഭരണം പിടിക്കുന്നതിന് വേണ്ടിയാണ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നത്. തെക്കന്മേഖാലായൂണിയന് തിരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി 56 അഡ്മിനിസ്ട്രേറ്റര്‍മാര്‍ വോട്ട് ചെയ്യുകയും ഇതിനെതിരെ കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ഇങ്ങനെ ഒരു ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസ്സാക്കി ഗവര്‍ണ്ണറുടെ അംഗീകാരത്തിന് അയച്ചത്.ചര്‍ച്ചകള്‍ കൂടാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ അംഗീകരിക്കരുതെന്നും സുധാകരന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് മാത്യു കുഴല്നാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ എറണാകുളം മേഖലയൂണിയന്‍ ചെയര്മാന് ജോണ്‍ തെരുവത്ത്, തിരുവനന്തപുരം മുന്മേഖലയൂണിയന് ചെയര്മാന് കല്ലട രമേശ്, വട്ടപ്പാറ ചന്ദ്രന്, പ്രതുലചന്ദ്രന്‍, കളത്തില്‍ ഗോപാലകൃഷ്ണന്,ബിജുഫിലിപ്പ് തുടങ്ങിയവര്‍ ഗവര്‍ണ്ണറെ നേരില്‍ കണ്ട് നിവേദനം നല്കി.