കൂപ്പു കുത്തിയ ക്രിപ്റ്റോകൾ : ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്

Spread the love

ഇതാ വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിനു വഴിയൊരുങ്ങുന്നു.
കഴിഞ്ഞ രണ്ടു ദിവസ്സങ്ങളിൽ കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന ക്രിപ്‌റ്റോ മാർക്കറ്റ്, നിക്ഷേപകരെ പരിഭ്രാന്തിയുടെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചുകൊണ്ടിരിക്കുന്നു.
ഒരു വർഷത്തിലേറെയായി കേറിയിറങ്ങിക്കൊണ്ടിരുന്ന ബിറ്റ്‌കോയിൻ, അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് മൂക്കും കുത്തി വീണതിനോടൊപ്പം, മറ്റെല്ലാ ക്രിപ്റ്റോകളും പിടിവിട്ട് കനത്ത ആഘാതം ഏറ്റു വാങ്ങിക്കഴിഞ്ഞു.

ഇത്രയും ചാഞ്ചാട്ടമുള്ള സാമ്പത്തിക പകിടകളി, ദുർബല മനസ്കർക്ക് പറഞ്ഞിട്ടുള്ളതല്ല. ബ്ലോക്‌ചെയിൻ. കോം എന്ന സ്ഥാപനത്തിലെ റിസർച്ച് ചീഫ് ഗാരിക്ക് ഹിലെമാൻ സൂചിപ്പിച്ചതുപോലെ “ക്രിപ്റ്റോയിൽ, ശക്തരായവർ അതിജീവിക്കുകയും ദുർബലരായവർ ഒഴുകി പോവുകയും ചെയ്യുന്നു,” ഇതാണ് ഇത്രയും കാലം

വരെ നമ്മൾ കേട്ടുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ കുത്തൊഴുക്കിൽ ചെറുതും വലുതുമായ നിക്ഷേപകർക്കെല്ലാം സാരമായ പരുക്കേറ്റിരുന്നു. കോയിൻ മാർക്കറ്റ് ‌ ഡാറ്റാ അനുസരിച്ച്, കഴിഞ്ഞ നവമ്പറിൽ $2.9 ട്രില്യണിന്റെ മൂല്യമുണ്ടായിരുന്ന ക്രിപ്‌റ്റോകറൻസി മാർക്കറ്റിൽ, ഇപ്പോൾ പകുതിയിൽ താഴെയിലേക്ക് നിപതിച്ചു, 1.2 ട്രില്യൺ ഡോളർ വിപണി മൂലധനമേയുള്ളു എന്ന് പറഞ്ഞാൽ സാമ്പത്തിക ആഘാതത്തിന്റെ ഏകദേശ രൂപം കിട്ടുമല്ലോ. ക്രിപ്റ്റോ കറൻസി എന്ന് പറയുന്നതിനേക്കാൾ ബിറ്റ്‌കോയിൻ എന്ന് പറയുന്നതാവും ഏറ്റവും എളുപ്പം .

പ്രമുഖ ക്രിപ്‌റ്റോ വിമർശകരിൽ മുൻപന്തിയിൽ എന്നും നിൽക്കുന്ന ജെപി മോർഗൻ

ചേസ് ബോസ് ജാമി ഡിമോൺ, ബിറ്റ്‌കോയിൻ “വിലയില്ലാത്തതാണ്” എന്ന് ഒരിക്കൽ പറഞ്ഞു – അതുപോലെ ശതകോടീശ്വരൻ ബെർക്‌ഷയർ ഹാത്ത്‌വേ എക്‌സിക്യൂട്ടീവുമാരായ വാറൻ ബഫറ്റും, ചാർലി മുൻഗറും എന്നും ക്രിപ്റ്റോ കറൻസികൾ, ഒരിക്കലും വിജയിക്കില്ലെന്നു കൊട്ടി ഘോഷിക്കുന്നവരാണ് .

ബെർക്ക്‌ഷെയർ ഹാത്ത്‌വേ സിഇഒയും നിക്ഷേപക ഇതിഹാസവുമായ വാറൻ ബഫറ്റ് അടുത്തിടെ ബെർക്ക്‌ഷെയറിന്റെ വാർഷിക നിക്ഷേപക മീറ്റിംഗിൽ ബിറ്റ്‌കോയിന്റെ പോരായ്മകളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ നിക്ഷേപകരോട് പറഞ്ഞത് ലോകം ശ്രദ്ധിച്ചിരുന്നു, “ലോകത്തിലെ എല്ലാ ബിറ്റ്‌കോയിനും തന്നാലും താൻ $25 പോലും നൽകില്ല” എന്നത്രെ ! ആറ് മാസത്തിനിടെ ബെർക്ക്‌ഷെയർ ഹാത്ത്‌വേ ഓഹരികൾ 5.6% ഉയർന്നപ്പോൾ ബിറ്റ്‌കോയിൻ 56% കുറഞ്ഞു.

ഇതിനു നേരെ വിപരീതമാണ് ഏറ്റവും വമ്പൻ കോടീശ്വരനായ ടെസ്‌ല മുതലാളി എലോൺ മസ്ക് എന്ന് തന്റെ വിജയപാതയിലൂടെ ലോകത്തെ കാണിച്ചുകൊടുത്തത് നിക്ഷേപകർക്ക് എന്നും ഉത്തേജനം ആയിരുന്നു. പലരും ബാങ്ക്‌ലോൺ എടുത്തുപോലും ക്രിപ്റ്റോയുടെ ലാഭം കൊയ്യാൻ മാർക്കറ്റിൽ എത്തിയിരുന്നു. യൂക്രെയിൻ യുദ്ധത്തിന്റെ ഈ കാലത്ത് യൂക്രെയിനെ സഹായിക്കാൻ കോടിക്കണക്കിന് ക്രിപ്റ്റോകറൻസികൾ അവിടേക്ക് ഒഴുകിയെത്തുന്നുവെന്ന് നമ്മൾ വായിച്ചറിഞ്ഞിട്ടു വെറും ദിവസങ്ങളേ ആയിട്ടുള്ളു, അപ്പോഴാണ് ഈ ശനിയുടെ അപഹാരം വിപണിയെ തളർത്തിയിരിക്കുന്നത്.

കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ ബിറ്റ്കോയിന് അതിന്റെ വിലയുടെ 28 ശതമാനത്തിലധികം നഷ്ടപ്പെട്ടു. മെയ് 12 വ്യായാഴ്ച രാവിലെ, ബിറ്റ്‌കോയിൻ വില വെറും $28,542 ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മികച്ച ക്രിപ്‌റ്റോകളിൽ ഒന്നായിരുന്ന ടെറ (LUNA), കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ അതിന്റെ മൂല്യത്തിന്റെ 99 ശതമാനത്തിലധികം നഷ്ടപ്പെട്ട് 59-ാം റാങ്കിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നെ ഇതിന്റെ വില 96 ശതമാനത്തിലധികം കുറഞ്ഞു. അതിന്റെ വിലാപങ്ങൾ ക്രിപ്റ്റോ വിപണിയിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

“എനിക്ക് 450k അമേരിക്കൻ ഡോളർ നഷ്‌ടപ്പെട്ടു, എനിക്ക് ബാങ്കിന് പണമടയ്‌ക്കാൻ കഴിയില്ല, “കഴിഞ്ഞ ആഴ്‌ചയ്‌ക്കിടെ അതിന്റെ മൂല്യത്തിന്റെ 99% ത്തിലധികം നഷ്‌ടമായ ഒരു ക്രിപ്‌റ്റോകറൻസിയായ ടെറ ലൂണയ്‌ക്കായുള്ള റെഡ്ഡിറ്റ് ഫോറത്തിലെ മികച്ച പോസ്റ്റുകളിലൊന്ന് ഇപ്രകാരമായിരുന്നു. “എനിക്ക് താമസിയാതെ എന്റെ വീട് നഷ്ടപ്പെടും. ഞാൻ ഭവനരഹിതനാകും. ആത്മഹത്യ മാത്രമാണ് എനിക്കുള്ള ഏക പോംവഴി”

എന്തുകൊണ്ട് ഈ ഭ്രാന്തു പിടിപ്പിക്കുന്ന പതനങ്ങൾ ?

ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ അപകട സൂചനകൾ തെളിഞ്ഞുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും അമേരിക്കയിൽ,

പണപ്പെരുപ്പം തണുപ്പിക്കാനുള്ള ശ്രമത്തിൽ ഫെഡറൽ റിസർവ് , പലിശനിരക്ക് ഉയർത്തുകയും ഉയർന്ന അപകടസാധ്യതയുള്ള ടെക് സ്റ്റോക്കുകളെ പിന്നോട്ടേക്ക് അയയ്ക്കുകയും ചെയ്യുന്നതിനാലാണ് ക്രിപ്റ്റോ ക്രാഷ് സംഭവിക്കുന്നത്. റിഫിനിറ്റീവ് ഡാറ്റ അനുസരിച്ച്, ടെക്-ഹെവി നാസ്‌ഡാക്ക് കോമ്പോസിറ്റ് സൂചിക ഈ വർഷം ഇതുവരെ 30% കുറഞ്ഞു, ഇത് ബിറ്റ്‌കോയിന്റെ വിലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

സ്ഥിരമായി ഉയർന്ന യുഎസ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയവും അതിനെ ചെറുക്കുന്നതിനുള്ള അങ്ങേയറ്റം ആക്രമണാത്മകമായ ഫെഡറൽ നടപടികളുടെ സാധ്യതയുമാണ് സ്റ്റോക്ക് മാർക്കറ്റിലെ വിൽപ്പന സമ്മർദ്ദത്തെ പ്രധാനമായും നയിക്കുന്നത്. ഉപഭോക്തൃ വില സൂചിക (സിപിഐ) ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏപ്രിലിൽ 8.3% ഉയർന്നു, 1981 ന് ശേഷമുള്ള ഏറ്റവും ഉയർന്ന യുഎസ് പണപ്പെരുപ്പം ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നു.

ബിറ്റ്‌കോയിൻ, എതെറിയം, മറ്റ് ക്രിപ്‌റ്റോകറൻസികൾ എന്നിവയിലെ ആദ്യകാല നിക്ഷേപകർ ഒരു കൊള്ളലാഭം കൊയ്തവരുണ്ട് . 2011 ഇൽ 0.21 ഡോളർ വിലയുണ്ടായിരുന്ന ബിട്കോയിനാണ് $ 69,000 വരെ പത്തു വര്ഷം കൊണ്ട് കുതിച്ചു കയറിയതെന്ന് ഓർക്കണം. എന്നാൽ ക്രിപ്‌റ്റോകറൻസി മാർക്കറ്റിന് അങ്ങേയറ്റത്തെ ചാഞ്ചാട്ടത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. എന്നാൽ അനിശ്ചിതമായ വിപണി സാഹചര്യങ്ങളിൽ നിക്ഷേപകർ അന്വേഷിക്കുന്നത് ചരിത്രവും ഭൂമിശാസ്ത്രവുമല്ല, എങ്ങനെ മുടക്കുമുതലെങ്കിലും രക്ഷപെടുത്താമെന്ന് മാത്രമായിരിക്കും.

വാസ്തവത്തിൽ, ബിറ്റ്കോയിന് അതിന്റെ ചരിത്രത്തിലുടനീളം 80%-ത്തിലധികം ആഴത്തിലുള്ള പതനങ്ങൾ ഉണ്ടായിട്ടുണ്ട്, 2018 ലെ ഏകദേശം 80% ക്രാഷ് ഉൾപ്പെടെ. മറ്റ് മിക്ക ക്രിപ്‌റ്റോകറൻസികളെയും പോലെ, ബിറ്റ്‌കോയിനും ഭൗതിക ആസ്തികളുമായോ ബൗദ്ധിക സ്വത്തുക്കളുമായോ ബന്ധിപ്പിച്ചിട്ടില്ല, മാത്രമല്ല ഇത് പണമൊഴുക്ക് സൃഷ്ടിക്കുകയോ നിക്ഷേപകർക്ക് ലാഭവിഹിതമോ പലിശയോ നൽകുകയോ ചെയ്യുന്നില്ല. പകരം, ബിറ്റ്‌കോയിന്റെ വില സപ്ലൈയും ഡിമാൻഡുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു, ഇത് അതിന്റെ അടിസ്ഥാന മൂല്യം വിലയിരുത്തുന്നത് ബുദ്ധിമുട്ടാക്കുന്നു, എന്ന് വിദഗ്ധർ പറയുന്നു.

ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റ് വഴിത്തിരിവിലാണ് . കോയിൻബേസ്, ബിനാൻസ് എന്നിവ പോലുള്ള പ്രമുഖ മാർക്കറ്റ് പ്ലേസ് നടത്തുന്ന ശതകോടീശ്വരൻ ക്രിപ്‌റ്റോ ടൈറ്റൻസ് മുതൽ തങ്ങളുടെ ജീവിത സമ്പാദ്യം ക്രിപ്‌റ്റോകറൻസികളിലേക്ക് ഒഴുക്കിയ താഴ്ന്ന റീട്ടെയിൽ നിക്ഷേപകർ വരെ, ഈ ആത്മഹത്യാ മുനമ്പിൽ വന്ന് നിൽക്കുന്നതുപോലെ തോന്നിയിരുന്നു.

മുൻകാലങ്ങളിൽ, ക്രിപ്‌റ്റോയിലെ താത്കാലിക പതനങ്ങൾ ഒരു വാങ്ങൽ അവസരമായി ഓൺലൈനിൽ പ്രചരിപ്പിച്ചിരുന്നു, ഇത് വില വീണ്ടും ഉയർത്തി. ഇപ്പോൾ മാന്ദ്യത്തിന്റെ ഭീഷണി ഉയർന്നുവരുന്നതിനാൽ, നിക്ഷേപകർ “ഊഹക്കച്ചവടം ” നടത്താൻ തുനിയുമോ എന്നത് വ്യക്തമല്ല. കുറഞ്ഞ പലിശനിരക്കുകളും പകർച്ചവ്യാധി കാലത്തുള്ള അസ്ഥിരതയും, “വികേന്ദ്രീകൃത ഡിജിറ്റൽ കറൻസികൾ ആകർഷിക്കുന്ന വെറും ഒരു നുരഞ്ഞുപൊന്തുന്ന ഫാഷനാണെന്ന് ” പണ്ടേ വാദിക്കുന്ന വിരോധികൾക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ വിലയിടിവ് ഇന്ധനം നൽകുന്നു.

ബി‌ടി‌സി നിലവിലെ നിലയേക്കാൾ താഴേക്ക് പോകാനും സാധ്യതയുണ്ട്. മാക്രോ ഇക്കണോമിക് ഘടകങ്ങൾക്കൊപ്പം, യുഎസ്ടി പോലെ മികച്ച ക്രിപ്റ്റോകളുടെ തകർച്ചയും, ക്രിപ്‌റ്റോ വിപണിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറൻസികൾക്ക് ഈ തകർച്ചയിൽ നിന്ന് കരകയറാൻ കുറച്ച് സമയമെടുത്തേക്കാം.” ക്രിപ്‌റ്റോകറൻസികളുടെ ദീർഘകാല സാധ്യതകളെക്കുറിച്ച് ഹൈൽമാൻ ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെങ്കിലും, നിലവിലെ മാന്ദ്യം അമച്വർ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് “അദ്ദേഹം പറഞ്ഞു.

“നിങ്ങൾക്ക് നഷ്ടപ്പെടാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ഒരിക്കലും ചാഞ്ചാട്ടമുള്ള സാമ്പത്തിക നിക്ഷേപങ്ങളിൽ ഉൾപ്പെടുത്തരുത്”. അത് മാത്രമേ ഇപ്പോൾ പറയാനുള്ളു , ഉവാ ഛ !!

Dr.Mathew Joys

Author