ഇവിടെ എല്ലാം ലേഡീസ് ഒണ്‍ലി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് ഏറെ ശ്രദ്ധ നേടുന്നു. പാചകം മുതല്‍ ഭക്ഷണവിതരണത്തിന് വരെ സ്ത്രീകള്‍ ഒരുപടി മുന്നിട്ട് നില്‍ക്കുകയാണ് ഇവിടെ. മേളയിലെത്തുന്നവരെല്ലാം പുത്തന്‍ കാഴ്ചകള്‍ കൊണ്ട് മനസും കൈപ്പുണ്യം കൊണ്ട് വയറും നിറച്ചാണ് യാത്രയാകുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും ഏറെ പ്രിയപ്പെട്ട ഇടം ഈ ഭക്ഷണശാല തന്നെയാണ്. കിളിക്കൂടിനും ഉന്നയ്ക്കക്കുമാണ് ഏറെ ആരാധകരുള്ളത്.

ഏകദേശം മുപ്പതോളം പേരാണ് അഞ്ച് കൗണ്ടറുകളിലായി ജോലി ചെയ്യുന്നത്. ജില്ലയിലെ തന്നെ വിവിധ കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളിലുള്ളത്. മലബാര്‍ രുചിക്കൂട്ടുകള്‍ തുടങ്ങി തെക്കിന്റെ തനത് രുചികള്‍ വരെ ആസ്വദിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. വിവിധ ചിക്കന്‍, ബീഫ്, മത്സ്യ വിഭവങ്ങള്‍, ബിരിയാണികള്‍, നാല് മണി പലഹാരങ്ങള്‍, വ്യത്യസ്ത തരം ജ്യൂസുകള്‍ എന്നിങ്ങനെ നാല്‍പ്പതില്‍പരം ഭക്ഷ്യവിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ലൈവ് കിച്ചണും , ഫ്രീസര്‍ ഇല്ലാത്തതുമാണ് ഈ ഭക്ഷണശാലയിലെ ഏറ്റവും വലിയ പ്രത്യേകതകള്‍. ഭക്ഷണത്തിന്റെ രുചി വൈവിധ്യം ഉറപ്പ് വരുത്തുന്നതിനായി വിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ് പാചകം ചെയ്യുന്നത്.

Leave Comment